വൈക്കം : മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി പന്തലിന്റെ നിർമ്മാണം തുടങ്ങി. 24000 ചതുരശ്ര അടിയിലാണ് താൽക്കാലിക അലങ്കാര പന്തൽ ഒരുക്കുക. പന്തലിന്റെ കാൽ നാട്ടുകർമ്മം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡി. ജയകുമാർ നിർവഹിച്ചു. പന്തലിന് 80 മീറ്റർ നീളവും 18 മീറ്റർ വീതിയും 6.6 മീറ്റർ ഉയരവുമുണ്ട്. ഇരുമ്പ് തൂണുകളിൽ നാക തകിട് പാകിയൊരുക്കുന്ന പന്തൽ ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. നാലമ്പലത്തിനകത്ത് വിരി പന്തലും ഒരുക്കുന്നുണ്ട്. ചടങ്ങിൽ ദേവസ്വം എക്‌സിക്യൂട്ടിവ് എൻജിനിയർ ജി. എസ്. ബിജു. അസി. എൻജിനിയർ ശ്യാമ പ്രകാശ്, ഉപദേശക സമിതി ഭാരവാഹികളായ സോമൻ കടവിൽ, പി.എം. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.