ഏറ്റുമാനൂർ : നാലു പതിറ്റാണ്ടായുള്ള ആവശ്യത്തിന് വിരമാമിട്ട് തെള്ളകത്ത് കാരിത്താസ് റെയിൽവേ മേൽപ്പാലനിർമാണത്തിനുള്ള നടപടികൾ തുടങ്ങി. മേൽപ്പാലം നിർമ്മിക്കാൻ ദക്ഷിണ റയിൽവേ ടെൻഡർ വിളിച്ചു. ഒമ്പതുമാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. 42 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഓവർബ്രിഡ്ജിനുള്ള നടപടികൾ റെയിൽവേ തുടങ്ങുന്നത്.

കാരിത്താസ് റെയിൽവേ ഗേറ്റ് ദിവസേന നിരവധി തവണ അടച്ചിടുന്നത് യാത്രക്കാർക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. പാലം നിർമാണം പൂർത്തിയായാൽ സമയ ലാഭത്തിനൊപ്പം ഗതാഗതക്കുരുക്കും ഒഴിവാകും. ഓവർ ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം മാസങ്ങൾക്ക് മുമ്പ് ഏറ്റെടുത്ത് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന് കൈമാറിയിരുന്നു. അന്ന് വിളിച്ച ടെൻഡർ സാങ്കേതിക കാരണങ്ങളാൽ പൂർത്തിയാകാത്തതിനാലാണ് റീ ടെൻഡർ വിളിച്ചത്. ഏറ്റുമാനൂർ - ചിങ്ങവനം പാതയിരട്ടിപ്പിക്കൽ ജോലികൾക്കൊപ്പം പാലവും പൂർത്തിയാക്കുകയാണ് ലക്ഷ്യം. തെള്ളകം മുണ്ടകപ്പാടം ഗ്രാമ വികസനസമിതിയും ബന്ധപ്പെട്ട ജനപ്രതിനിധികളും കൂട്ടായി നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിലാണ് പാലം യാഥാർത്ഥ്യത്തിലേയ്ക്കെത്തുന്നത്.

നിർമാണച്ചെലവ് : 3.62 കോടി

പാലം വന്നാൽ
എം.സി. റോഡിൽനിന്ന് മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി, ഗവ. ഡെന്റൽകോളജ്, എം.ജി. യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകാം.