ചങ്ങനാശേരി : മാലിന്യമുക്ത നഗരം വാർത്തെടുക്കുന്നതിനായി പുതിയ പദ്ധതിയുമായി നഗരസഭ ആരോഗ്യ വിഭാഗം. 17 വാർഡുകളിൽ മാലിന്യസംസ്‌കരണ-നിർമ്മാർജ്ജന യജ്ഞത്തിന് അടുത്തമാസം മുതൽ തുടക്കമാകും. കോഴിക്കോട് ആസ്ഥാനമായുള്ള ഒലീന ഹരിതസഹായ സംഘം ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജില്ലയിൽ പാലാ, ഏറ്റുമാനൂർ, ചങ്ങനാശേരി എന്നിവടങ്ങളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക.
പ്രവർത്തന സംവിധാനം
നഗരസഭ സമിതി, ആരോഗ്യ സ്ഥിരം സമിതി, മുനിസിപ്പൽതല മാലിന്യ നിർമ്മാർജ്ജനസമിതി, ,വാർഡുതല മാലിന്യ നിർമ്മാർജ്ജന സമിതി, ഹരിത ക്ലസ്റ്ററുകൾ എന്നിങ്ങനെയാണ് പ്രവർത്തന സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ക്ലസ്റ്ററുകൾക്കും, കർമ്മസേനയ്ക്കും ബോധവത്കരണം നൽകി.
''മാലിന്യനിർമ്മാർജ്ജനത്തിനായി പൊതുഫണ്ടിൽ നിന്ന് നഷ്ടമാകുന്ന കോടികൾ ലാഭിക്കാനും ഒപ്പം വീട്ടമ്മമാർക്കും ഹരിതകർമ്മ സേനയ്ക്കും വരുമാനവുമാണ് പദ്ധതിയുടെ പ്രത്യേകത
-സുജാത,ഒലീന നോഡൽ ഓഫീസർ
40 വീടുകൾ അടങ്ങുന്ന യൂണിറ്റ്
ഹരിതകർമ്മ സേനയുടെ സഹകരണത്തിൽ ജൈവമാലിന്യങ്ങൾ വീടുകളിൽ നിന്നു സ്വീകരിക്കും. അജൈവ മാലിന്യ നീക്കത്തിന് നിശ്ചിത ഫീസ് വാങ്ങും. ഇതിനായി ബിന്നുകൾ വയ്ക്കും. ഓരോ വാർഡിലും ഭൂപ്രകൃതി കണക്കിലെടുത്ത് കുടുംബാംഗങ്ങളുടെ എണ്ണവും പരിഗണിച്ച് 40 വീടുകൾ അടങ്ങുന്ന യൂണിറ്റുകളായി തിരിക്കും. ഹരിത ക്ലസ്റ്ററുകളിൽ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, വ്യാപാര സ്ഥാപനം എന്നിവയുണ്ട്. ഓരോ ക്ലസ്റ്ററുകൾക്കും ലീഡർമാർ ഉണ്ടായിരിക്കും. വാർഡുകളിൽ ക്ലസ്റ്ററുകളുടെ ഏകോപനം ഹരിതകർമ്മ സേനയ്ക്കാണ്.
യൂണിറ്റുകൾക്ക് ക്യൂ ആർ കോഡ്
ഹരിതക്ലസ്റ്ററുകൾ, യൂണിറ്റുകൾ എന്നിവയിലെ വിവരങ്ങൾ ഇലക്ട്രോണിക് സർവേ നടത്തി സോഫ്റ്റ് വെയറിൽ സൂക്ഷിക്കും. ഓരോ യൂണിറ്റുകൾക്കും ക്യൂ ആർ കോഡ് (യൂണിറ്റ് നമ്പർ) ഇലക്ട്രോണിക് ഉപകരണം നൽകും. മാലിന്യ തരംതിരിക്കൽ, ജൈവ മാലിന്യ സംസ്‌കരണം, ഉപകരണ പരിപാലനം, ജൈവ വള നിർമ്മാണ രീതി, ജൈവ കൃഷി ബോധവത്കരണം, ഉറവിട സംസ്‌കരണ പരിപാലനം എന്നിവയിൽ ഹരിതസേനയക്ക് പരിശീലനം നൽകും.
ഓരോ മാസവും അജൈവ മാലിന്യം ക്ലസ്റ്റർ ലീഡർമാരുടെ സഹായത്തോടെ ഓരോ യൂണിറ്റിലും നിയോഗിക്കപ്പെട്ട ഹരിതസേനാഗം ശേഖരിക്കും.
വൈദ്യുതി ബില്ലിൽ ഇളവ്
വിപണി മൂല്യമുള്ള മാലിന്യങ്ങളായ പത്രപേപ്പറുകൾ, മാസിക, ബുക്കുകൾ, ലോഹങ്ങൾ, മറ്റ് വില ലഭിക്കുന്ന വസ്തുക്കൾ എന്നിവയ്ക്ക് വില നിശ്ചയിക്കും. തുടർന്ന് പോയിന്റുകളായി രേഖപ്പെടുത്തി വൈദ്യുതി ബില്ലിൽ ഇളവ് ചെയ്യും.