പാലാ : കുമാരനാശാന്റെയും പാലാ നാരായണൻനായരുടെയും സ്മാരകം അനുവദിക്കാമെന്ന മുൻനിലപാടിൽ നിന്ന് പിന്നാക്കം പോയ നഗരസഭയുടെ നടപടി പ്രതിഷേധാർഹമാണെന്ന് സഹൃദയ സമിതി കുറ്റപ്പെടുത്തി. ഇരുവർക്കും എത്രയും വേഗം സ്മാരകം നിർമ്മിക്കാൻ നഗരസഭ മുൻകൈ എടുക്കണം. മഹാകവി പാലായുടെ ഒന്നാം ചരമവാർഷികദിനാചരണത്തിലാണ് കെ.എം.മാണിയും, നഗരസഭാ വൈസ് ചെയർമാനുമായ കുര്യാക്കോസ് പടവനും സ്മാരകം നിർമിക്കുമെന്ന് വാഗ്ദാനം ചെയ്തത്. കുമാരനാശാന്റെ സ്മാരകമുയർത്തുമെന്ന് ശ്രീനാരായണ സമൂഹത്തിനും മുനിസിപ്പൽ അധികാരികൾ ഉറപ്പു നൽകിയിരുന്നു. മാണിയുടെ പിൻമുറക്കാർ അദ്ദേഹത്തിന് എത്ര സ്മാരകം നിർമ്മിച്ചാലും അദ്ദേഹം പാലായിലെ സഹൃദയ സാഹിത്യാസ്വാദക ലോകത്തിനു നൽകിയ വാഗ്ദാനം പാലിക്കാത്തിടത്തോളം കാലം അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കില്ലന്ന് ഭാരവാഹികളായ രവിപുലിയന്നൂരും,പ്രൊഫ.എലിക്കുളം ജയകുമാറും പറഞ്ഞു.

സാംസ്കാരിക അപചയമെന്ന് യുവകലാസാഹിതി
പാലാ : മഹാകവി പാലായുടെയും കുമാരനാശന്റെയും സ്മാരകമുണ്ടാകുന്നതിൽ അലംഭാവം കാണിച്ച പാലാ മുനിസിപ്പാലിറ്റിയുടെ നിലപാടിൽ യുവകലാസാഹിതി പ്രതിഷേധം രേഖപ്പെടുത്തി. പാലായ്ക്കും, കുമാരനാശാനും വേണ്ടി വാദിക്കാൻ ആരുമില്ല എന്ന ചെയർപേഴ്‌സന്റെ മറുപടി ഖേദകരമാണ്. പല നിവേദനങ്ങളിലായി ചെയർപേഴ്‌സന്റെ മുൻപിലും ഈ വിഷയം എത്തിയിട്ടുണ്ട്. കേരളം രൂപീകരിക്കുന്നതിനും മുൻപു തന്നെ കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന ന്യമാം രാജ്യങ്ങളിൽ എന്നെഴുതിയ മഹാകവിയെ അറിയാതെ പോകുന്നത് സാംസ്‌കാരിക പാപ്പരത്തമാണ്. കാവ്യതപസിലൂടെ കേരളത്തിന്റെ മഹത്വം മറ്റു രാജ്യങ്ങളിലെത്തിച്ച പാലായ്ക്കും, സാമൂഹ്യ ജീർണ്ണതയ്‌ക്കെതിരെ തൂലിക ചലിപ്പിച്ച കുമാരനാശാനും ഉചിതമായ സ്മാരകമുണ്ടാകണം. ഇതിന് എതിര് നിൽക്കുന്നത് സാംസ്‌കാരികമായ അപചയത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് എലിക്കുളം ജയകുമാറും, സെക്രട്ടറി ആനിക്കാട് ഗോപിനാഥും പറഞ്ഞു.