പാലാ : പുഴയുടെ പുനർജ്ജനിക്കും, പരിസ്ഥിതി പ്രവർത്തനങ്ങൾക്കുമായി തനിക്ക് ലഭിച്ച പൊന്നാടയും പുരസ്കാരവും പരിസ്ഥിതി സ്നേഹിയായ റിട്ട.എസ്.ഐയ്ക്ക് സമർപ്പിച്ച് എ.ഡി.ജി.പി ഡോ.ബി.സന്ധ്യ. കിടങ്ങൂർ കാവാലിപ്പുഴക്കടവിൽ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച പുഴയ്‌ക്കൊരു പുനർജനി വേദിയിലായിരുന്നു ഇത്. പൊതുഇടങ്ങളിൽ അര ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ട് ശ്രദ്ധേയനായ റിട്ട. എസ്.ഐ സി.വി.വിദ്യാധരനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. പരിസ്ഥിതിയുടെയും, പുഴയുടെയും സംരക്ഷണത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ച് മീനച്ചിൽ നദീ സംരക്ഷണ സമിതി നേതാവ് ഡോ.എസ്.രാമചന്ദ്രൻ നായർ എ.ഡി .ജി.പി.യെ പൊന്നാട അണിയിച്ച് ഫലകം സമ്മാനിച്ചു. ഉടൻ വിദ്യാധരനെ വേദിയിലേക്ക് വിളിച്ച ഡോ.ബി.സന്ധ്യ ഇത് താങ്കൾക്കാണ് അർഹതപ്പെട്ടതെന്ന് പറഞ്ഞ് പൊന്നാട അണിയിച്ച് ഫലകം സമ്മാനിക്കുകയായിരുന്നു. എ.ഡി.ജി.പി. യുടെ പാദത്തിൽ തൊട്ട് നമസ്‌ക്കരിച്ചാണ് വിദ്യാധരൻ നന്ദി പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ 'പച്ചമനുഷ്യൻ' അവാർഡ് ഉൾപ്പെടെ നൂറോളം പ്രകൃതി സംരക്ഷണ അവാർഡുകൾ നേടിയിട്ടുള്ള വിദ്യാധരൻ ചേർത്തല തെക്ക് അരീപ്പറമ്പ് സ്വദേശിയാണ്.