അടിമാലി: കള്ളത്തോക്കുകളുമായി ആദിവാസികളായ രണ്ട് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. മാങ്കുളം പഞ്ചായത്തിലെ ചിക്കണംകുടി സ്വദേശികളായ ചന്ദ്രന്‍ (46), സുഹൃത്ത് കാശി (47) എന്നിവരെയാണ് മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ മൃഗവേട്ടയ്ക്കൊരുങ്ങുന്നതായി വനപാലകര്‍ക്ക് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് വനപാലകര്‍ ചിക്കണംകുടി ആദിവാസി മേഖലയ്ക്ക് സമീപമുള്ള വനപ്രദേശമായ കിളികല്ലിലെത്തി. വനപാലകരെ കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും വനപാലകസംഘം കീഴടക്കുകയായിരുന്നു. കിളികല്ലിലുള്ള കാശിയുടെ താത്കാലിക കുടിലില്‍ നിന്നുമാണ് ഒരു തോക്ക് വനപാലകര്‍ കണ്ടെടുത്തത്. രണ്ടാമത്തെ തോക്ക് ചിക്കണംകുടിയിലെ ചന്ദ്രന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്രതികളുടെ പക്കല്‍ നിന്ന് ഏതാനും ചില വെടിയുണ്ടകളും വെടിമരുന്നും കണ്ടെത്തിയതായി വനപാലകര്‍ അറിയിച്ചു. പ്രതികള്‍ക്കാരാണ് തോക്ക് നിര്‍മ്മിച്ച് നല്‍കിയത്, ഇവര്‍ മുമ്പ് മൃഗവേട്ട നടത്തിയിരുന്നോ, ആദിവാസികള്‍ മറ്റാരുടെയെങ്കിലും സഹായികളാണോ തുടങ്ങിയ കാര്യങ്ങള്‍ വനപാലക സംഘം അന്വേഷിച്ച് വരികയാണ്. മാങ്കുളം ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ വി.ബി. ഉദയസൂര്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സാബു കുര്യന്‍ എന്നിവരുള്‍പ്പെട്ട വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.