bridge
പാലം പണി കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് കൊന്നത്തടി പഞ്ചായത്തിലെ കണ്ണാടിപ്പാറ നിവാസികള്‍

അടിമാലി: ആനയെ വാങ്ങിയിട്ട് തോട്ടിയില്ലാത്തതിനാൽ കഷ്ടപ്പെടുന്ന അവസ്ഥയിലാണ് കൊന്നത്തടി പഞ്ചായ്തിലെ കണ്ണാടിപ്പാറ നിവാസികൾ. പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി പാലം പണിതെങ്കിലും ഇതുവരെ അപ്രോച്ച് റോഡ് നിർമിച്ചിട്ടില്ല. കൊന്നത്തടിയിൽ നിന്ന് കണ്ണാടിപ്പാറയ്ക്കുള്ള പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 23 ലക്ഷം രൂപ വകയിരുത്തിയായിരുന്നു പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പക്ഷേ പാലത്തിന്റെ ഭാഗമായി പണികഴിപ്പിക്കേണ്ട അപ്രോച്ച് റോഡ് നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. കണ്ണാടിപ്പാറയിലെ നൂറോളം കുടുംബങ്ങളാണ് പാലം സ്ഥിതി ചെയ്യുന്ന ഈ പാതയെ ആശ്രയിക്കുന്നത്. നിർമാണം പൂർത്തീകരിച്ച പാലത്തിന് സമീപം താത്കാലികമായി ഒരുക്കിയിട്ടുള്ള തടിപ്പാലം കടക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. വലിയ ഉറപ്പൊന്നുമില്ലാത്ത ഈ പാലത്തിലൂടെ ജീവൻ പണയപ്പെടുത്തിയാണ് ചെറുവാഹനങ്ങൾ കടന്നു പോകുന്നത്. എത്രയും അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് പുതിയ പാലം തുറന്ന് നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.