കോട്ടയം: എം.ജി സർവകലാശാലാ ബി.ടെക് പരീക്ഷാ മാർക്ക് ദാനം ജഡ്‌ജിയുടെ മകനും നേട്ടമായി. ജയിക്കാൻ രണ്ട് മാർക്കിന്റെ കുറവാണ് എറണാകുളം സ്വദേശിയായ വിദ്യാർത്ഥിക്ക് ഉണ്ടായിരുന്നത് .അഞ്ചു മാർക്ക് അധികം നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനം ബി.ടെക് ജയിക്കാൻ ഈ വിദ്യാർത്ഥിക്കും സഹായകമായി.
സിൻഡിക്കേറ്റംഗത്തിന്റെ ബന്ധുവായ, കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് വിദ്യാർത്ഥിനി അഞ്ചു മോഹനക്കുറുപ്പിന് എൻ.എസ്.എസിന് ലഭിച്ച ഗ്രേസ് മാർക്ക് ചേർത്തിട്ടും ജയിക്കാൻ ഒരു മാർക്ക് കുറവായിരുന്നു. ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ. ഷെറഫുദീൻ പങ്കെടുത്ത ഫയൽ അദാലത്തിൽ ഒരു മാർക്ക് അധികം നൽകാൻ തീരുമാനിച്ചെങ്കിലും എതിർപ്പുയർന്നതോടെ തീരുമാനം അക്കാഡമിക് കൗൺസിലിന് വിട്ടു. ഈ പെൺകുട്ടിക്ക് ഫയൽ അദാലത്തിൽ ഒരു മാർക്ക് നൽകാൻ തീരുമാനിച്ചതറിഞ്ഞാണ് , ജഡ്ജിയുടെ മകൻ സി.പി.എം പ്രാദേശിക നേതാവുമായി എം.ജി സർവകലാശാലയിൽ എത്തിയത്. തുടർന്ന് ഒരാളെ മാത്രം ജയിപ്പിക്കുന്നത് വിവാദമാകാതിരിക്കാൻ ബി.ടെക് തോറ്റ എല്ലാവർക്കും അഞ്ച് മാർക്ക് നൽകാനുള്ള തീരുമാനം സിൻഡിക്കേറ്റിൽ അജൻഡയ്ക്ക് പുറത്തുള്ള ഇനമായി വരുകയായിരുന്നു. ഇതോടെ ജയിക്കാൻ രണ്ട് മാർക്ക് കുറവുള്ള ജഡ്ജിയുടെ മകനും പാസ് മാർക്കിലും മൂന്ന് മാർക്ക് കൂടുതലോടെ ജയിച്ചു.
അഞ്ച് മാർക്ക് ഇങ്ങനെ അധികം നേടി ബി.ടെക് ജയിച്ച 117 പേർ ഇതിനകം എം.ജി സർവകലാശാലയിൽ നിന്നു ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങി. അഞ്ച് അധികമാർക്ക് ലഭിക്കാൻ 85 പേരുടെ അപേക്ഷകൾ പരിഗണനയിലാണ്. ബി.ടെക് തോറ്റ വിദ്യാർത്ഥികൾ പുതിയ അപേക്ഷ നൽകുന്നതിന് സർവകലാശാല സമയപരിധി വയ്‌ക്കാത്തതതിനാൽ കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷകരായി എത്തുന്നുണ്ട്.
ഫാൾസ് നമ്പറിന്
വി.സിയുടെ കത്ത്
മാർക്ക് ദാനത്തിനു പിന്നാലെ, എം.കോം പുനർമൂല്യനിർണയത്തിനു സമർപ്പിച്ച 30 ഉത്തരക്കടലാസുകൾ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ. ആർ. പ്രഗാഷിന് ഫാൾസ് നമ്പർ സഹിതം കൈമാറാനാവശ്യപ്പെട്ട് വൈസ് ചാൻസലർ ഡോ. സാബുതോമസ് ഒപ്പിട്ട് നൽകിയ കത്തും വിവാദമായി. ഇതോടെ,സിൻഡിക്കേറ്റംഗം കുടുങ്ങുമെന്നുറപ്പായി. ഡോ. പ്രഗാഷിന്റെ ലെറ്റർ പാഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. പുനർമൂല്യനിർണയം നടക്കുമ്പോൾ, ഉത്തരക്കടലാസുകൾ രജിസ്റ്റർ നമ്പരും ഫാൾസ് നമ്പരും സഹിതം കൈമാറുന്നത് മാർക്ക് തട്ടിപ്പിനാണെന്ന ആരോപണം ശക്തമായി.