ചങ്ങനാശേരി: സ്റ്റീൽ ഫർണിച്ചർ കടയുടെ ഷട്ടർ തകർത്ത് 19500 രൂപ മോഷ്ടിച്ച പി.സി കവല വെട്ടുകുഴി വീട്ടിൽ അനീഷിനെ (37) തൃക്കൊടിത്താനം പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. പായിപ്പാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തോപ്പിൽ ഫർണിച്ചർ മാർട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. കട ഉടമ തോപ്പിൽ അബ്ദുസമദ് ഒരു മണിയോടെ തൊട്ടടുത്ത മസ്ജിദിൽ നമസ്കാരത്തിന് പോയ സമയം നോക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. തിരികെയെത്തിയ കട ഉടമ അറിയിച്ചയുടൻ പൊലീസ് സ്ഥലത്ത് എത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചുവന്ന ബൈക്കിൽ എത്തിയ ഒരാൾ കടയ്ക്കുള്ളിൽ കയറുന്നതും തിരികെ പോകുന്നതും വ്യക്തമായി. തുടർന്ന് നടത്തിയ തെരച്ചിലിൽ മറ്റൊരിടത്ത് നിന്ന് പിടികൂടാനാനുമായി. ബൈക്കും കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് തൃക്കൊടിത്താനം സ്റ്റേഷൻ ഓഫീസർ സാജു വർഗീസ് പറഞ്ഞു.