കോട്ടയം: ഇടുക്കി വട്ടവടയിൽ 25 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണവും

കൊലപാതകമെന്ന് സൂചന. മുരിക്കാശേരിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം പുറത്തായ ദിവസം തന്നെയാണ് വട്ടവടയിലും കുഞ്ഞിന്റെ ജഡം കുഴിച്ചിട്ട വിവരം പുറത്തായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്ന് വിശ്വലക്ഷ്മിയുടെ ഭർത്താവ് തിരുമൂർത്തി പരാതി നൽകിയതോടെയാണ് പൊലീസ് രംഗത്തെത്തിയത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ കുഴിമാടം ദേവികുളം എസ്.ഐയും സംഘവും കണ്ടെത്തി. പന്തികേടു തോന്നിയ നാട്ടുകാരും ദേവികുളം പൊലീസിൽ വിവരം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചതെന്നാണ് മാതാവ് വിശ്വലക്ഷ്മി പറഞ്ഞത്. എന്നാൽ, ഭാര്യയിൽ നിന്ന് ഒന്നര വർഷമായി താൻ മാറികഴിയുകയാണെന്നാണ് തിരുമൂർത്തി പൊലീസിന് നൽകിയ വിവരം. വിശ്വലക്ഷ്മിയുടെ ഒരു ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. രാവിലെതന്നെ ദേവികുളം ആർ.ഡി.ഒ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വട്ടവട കോവിയൂർ അഞ്ചാം വാർഡിൽ കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുഞ്ഞ് മരിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വട്ടവട സർക്കാർ ആശുപത്രിയിലെ ഡോക്ടർ എത്തി കുട്ടിയെ പരിശോധിച്ചിരുന്നു. എന്നാൽ കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് ഡോക്ടറോ വീട്ടുകാരോ പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല.

മുരിക്കാശേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അവിവാഹിതയായ കോളേജ് വിദ്യാർത്ഥിനി പ്രസവിച്ച കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടത്തിൽ നേരത്തെ തെളിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ സംഭവവും ഉണ്ടായത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബാഗിലാക്കി മ‌ൃതദേഹം മറവുചെയ്യാൻ സുഹൃത്തിന്റെ സഹായം തേടിയതോടെയാണ് ആ സംഭവം വെളിച്ചത്തായത്. ആശുപത്രിയിൽ കഴിയുന്ന യുവതിയെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. കസ്റ്റഡിയിലെടുക്കാൻ മുരിക്കാശേരി പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്.