കോട്ടയം : നെല്ലുസംഭരണത്തിൽ സ്വകാര്യ മില്ലുകളും സപ്ലൈകോയും തമ്മിലുള്ള തർക്കവും കർഷകരുടെ ആശങ്കയും പരിഹരിക്കാൻ ജില്ലയിൽ ആധുനിക മില്ലുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകളായുള്ള കർഷകരുടെ ഈ ആവശ്യം നടപ്പാക്കാതിരിക്കുമ്പോൾ വിജയിക്കുന്നത് സ്വകാര്യ മില്ലുകളുടെ പിടിവാശിയാണ്. വെച്ചൂർ മോഡേൺ റൈസ് മിൽ ഒന്നുമാകാത്ത സാഹചര്യത്തിൽ കൂടുതൽ സർക്കാർ മില്ലുകളും സംഭരണ കേന്ദ്രങ്ങളും കുട്ടനാട് അപ്പർകുട്ടനാട് കേന്ദ്രീകരിച്ച് വേണമെന്നാണവശ്യം.

കോട്ടയത്ത് ആകെയുള്ള സർക്കാർ മില്ല് ഓയിൽപാമിന്റെ വെച്ചൂരെ മോഡേൺ റൈസ് മില്ലിൽ സംഭരണം വളരെ കുറവാണ്. സർക്കാർ മില്ലുകളില്ലാത്തതിനാൽ സ്വകാര്യ മില്ലുകളുടെ ഡിമാൻഡ് മുഴുവൻ അംഗീകരിച്ച് ആശ്രയിക്കേണ്ട അവസ്ഥയാണ്. കോട്ടയത്ത് ഒരു സ്വകാര്യമില്ലും അങ്കമാലി, കാലടി പ്രദേശത്തെ മറ്റ് സ്വകാര്യമില്ലുകളുമാണ് അപ്പർകുട്ടനാട്ടിൽ നിന്ന് നെല്ലുശേഖരിക്കുന്നത്. മില്ലുകൾ യാഥാർത്ഥ്യമായാൽ സംഭരണവും സംസ്‌കരണവും സുഗമമായി നടക്കും.

മില്ലുകളുടെ കെടുകാര്യസ്ഥത

കൊയ്ത്ത് എത്തിയാൽ മില്ലുകളുടെ തൻകാര്യമാണ്. മുട്ടാത്തർക്കം പറഞ്ഞ് പരമാവധി കിഴിവ് നേടി കർഷകരെ ദ്രോഹിക്കും. വേറെ വഴിയില്ലാത്തതിനാൽ മില്ലുകാരുടെ ഡിമാൻഡ് അംഗീകരിക്കാതെ സർക്കാരിനും വഴിയില്ല. 100 കിലോ നെല്ല് സംഭരിച്ച് കുത്തുമ്പോൾ 68 കിലോ അരി തിരികെ കൊടുക്കണമെന്നാണ് നിയമമെങ്കിലും നഷ്ടക്കണക്ക് പറഞ്ഞ് മില്ലുകാർ അത് 64 കിലോയെന്നാക്കി. ഒടുവിൽ നാലുകിലോയുടെ പണം കർഷകന് സർക്കാർ കൈയിൽ നിന്ന് നൽകുകയാണ്. കൂടാതെ ഈർപ്പത്തിന്റെ പേര് പറഞ്ഞ് കൂടുതൽ കിഴിവ് നേടിയുള്ള ചൂഷണം വേറെയും. കർഷകരിൽ നിന്നുള്ള നെല്ലിൽനിന്ന് കിട്ടുന്ന നല്ല അരി മില്ലുകാർ എടുത്ത ശേഷം മോശം അരി തിരികെ കൊടുക്കുകയാണ്.

കർഷകരുടെ ആവശ്യങ്ങൾ

കുട്ടനാട് അപ്പർകുട്ടനാട് കേന്ദ്രീകരിച്ച് സർക്കാർ മില്ലുകൾ വരണം

 പാടശേഖരങ്ങൾക്ക് സമീപം സംഭരണ കേന്ദ്രം, ചുമതല പാടശേഖര സമിതികൾക്ക്

 സർക്കാർ നേരിട്ട് നെല്ലുസംഭരിക്കണം, പണം കൃത്യമായി അക്കൗണ്ടിലെത്തണം

'' രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി 50 മില്ലുകളെങ്കിലും സ്ഥാപിച്ചാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാം. ഇപ്പോൾ സ്വകാര്യമില്ലുകാരുടെ താളത്തിനൊത്ത് തുള്ളേണ്ട അവസ്ഥയിലാണ് സർക്കാരും കർഷകരും''- കെ.ജി.ദിലീപ്, അപ്പർകുട്ടനാട് കാർഷിക സമിതി