കോട്ടയം : മാർക്കുദാന വിവാദത്തിലൂടെ കുപ്രസിദ്ധി നേടിയ എം.ജി സർവകലാശാല ഡിഗ്രി അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്കൊപ്പം മൂന്നാം സെമസ്റ്റർ ഇംപ്രൂവ്മെന്റ് പരീക്ഷയും നടത്തി വിദ്യാർത്ഥികളെ വട്ടം ചുറ്റിക്കുന്നു. 22 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ യു.ജി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചത് 16 നാണ്.
30 ന് ഇപ്രൂവ്മെന്റ് പരീക്ഷയും 31 ന് സെമസ്റ്റർ പരീക്ഷയും വന്നതോടെ ഇരുപരീക്ഷകളും എഴുതേണ്ടവർ ബുദ്ധിമുട്ടിലായി. ഇതിനിടയിൽ മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ 29നാണ്. പരീക്ഷകൾക്കിടയിൽ ഇടവേള വേണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അധികൃതരെ സമീപിച്ചെങ്കിലും പരീക്ഷ മാറ്റാൻ തയ്യാറായില്ല.
പരീക്ഷകളിലും ഫലപ്രഖ്യാപനത്തിലും കടുത്ത അവഗണന കാട്ടുകയാണെന്നാരോപിച്ച് പ്രൈവറ്റ് വിദ്യാർത്ഥികളും രംഗത്തെത്തി. 20000 പ്രൈവറ്റ് വിദ്യാർത്ഥികളാണ് ബിരുദ - ബിരുദാനന്തര വിഭാഗത്തിൽ ഓരോ വർഷവും പരീക്ഷ എഴുതുന്നത്. രണ്ടു സെമസ്റ്റർ പരീക്ഷകൾ ഒന്നിച്ചാണ് നടത്തുന്നത്.
2018 ൽ പ്രവേശനം നേടിയവരുടെ ഒന്നാം സെമസ്റ്റർ പരീക്ഷ പോലും ഇതുവരെ നടത്തിയിട്ടില്ല. 2017ൽ പ്രവേശനം നേടിയ റഗുലർ വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷ 22 ന് ആരംഭിക്കുപ്പോൾ പ്രൈവറ്റ് വിദ്യാർത്ഥികളുടെ മൂന്നും നാലും സെമസ്റ്റർ പരീക്ഷ ഇതുവരെ അവസാനിച്ചിട്ടില്ല. ഒന്നും രണ്ടും സെമസ്റ്റർ ഫലവും പ്രഖ്യാപിച്ചിട്ടില്ല. 2018ൽ കോഴ്സ് പൂർത്തിയാക്കേണ്ടവരുടെ അവസാന സെമസ്റ്റർ പരീക്ഷ കഴിഞ്ഞ വർഷം സെപ്തംബറിൽ നടന്നെങ്കിലും ഫലം വന്നിട്ടില്ല.
ഫീസ് താങ്ങാനാവില്ല
നിശ്ചിത അവസരങ്ങളിൽ തോറ്റാൽ വീണ്ടും പരീക്ഷ എഴുതാൻ പരീക്ഷാഫീസിന് പുറമെ മേഴ്സി ചാൻസ് ഫീസും അടയ്ക്കണം. ആദ്യ മേഴ്സി ചാൻസിന് 5000 രൂപയും , രണ്ടാം അവസരത്തിന് 7000 രൂപയും, മൂന്നാം ചാൻസിന് 10000 രൂപയുമാണ് ഫീസ്.
29 ന് സപ്ലിമെന്ററി പരീക്ഷ
30 ന് ഇംപ്രൂവ്മെന്റ് പരീക്ഷ
31 ന് അഞ്ചാംസെമസ്റ്റർ പരീക്ഷ