കറുകച്ചാൽ: ദേശീയ പാതയേയും ചങ്ങനാശേരി-വാഴൂർ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന കവല, തിരക്കേറിയ ജംഗ്ഷൻ, പക്ഷേ, കാത്തിരുപ്പ് കേന്ദ്രമില്ല. നൂറു കണക്കിന് യാത്രക്കാർ എത്തുപോകുന്ന പുളിക്കൽകവലയുടെ അവസ്ഥ ഇങ്ങനെയാണ്. കടത്തിണ്ണകളിലും മരച്ചുവടുകളിലുമാണ് ഇവിടെ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. കാത്തിരിപ്പുകേന്ദ്രത്തെപ്പറ്റി പലവട്ടം പഞ്ചായത്ത് ആലോചന നടത്തിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സന്ധ്യമയങ്ങിയാൽ പ്രദേശം ഇരുട്ടിന്റെ പിടിയിലാകുന്നതാണ് യാത്രക്കാർ നേരിടുന്ന മറ്റൊരു പ്രശ്നം. ലക്ഷങ്ങൾ മുടക്കി ഇവിടെ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പലപ്പോഴും പ്രവർത്തിക്കാറില്ല. സമീപകാലത്തായി അറ്റക്കുറ്റപ്പണി നടത്തിയിരുന്നെങ്കിലും വീണ്ടും തകരാറിലായി. രാത്രികാലങ്ങളിൽ ഇവിടെ എത്തുന്ന യാത്രക്കാർക്ക് ആശ്രയം വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ്, എട്ടു മണിയോടെ കടകൾ അടച്ചാൽ കവല പിന്നെ കൂരിരുട്ടിലാകും. പ്രധാന ജംഗ്ഷൻ പള്ളിക്കത്തോട്, പാമ്പാടി, മണിമല, കറുകച്ചാൽ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ്. അതിനാൽ അത്യാവശ്യഘട്ടങ്ങളിൽ പൊലീസെത്താൻ താമസിക്കുന്നതായും രാത്രികാല പട്രോളിംഗ് കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.
അപകടം പതിവ്
സിഗ്‌നലുകളോ, വേഗ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്. അപരിചിത യാത്രക്കാരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. ഹംബുകളോ സിഗ്‌നൽ സംവിധാനമോ സ്ഥാപിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകും. തിരക്കേറിയ കവലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.