road-thakarnna-nilayil

തലയോലപ്പറമ്പ് : വഴിയമ്പലം കോലത്താർ റോഡിൽ വൻ കുഴികൾ രൂപപ്പെട്ട് തകർന്ന നിലയിൽ. പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്തതാണ് ടാറിംഗ് പൊളിഞ്ഞ് റോഡിൽ വൻ കുഴികൾ രൂപപ്പെടാൻ കാരണം. പഞ്ചായത്ത് ജംഗ്ഷനിൽ നിന്നുള്ള റോഡിന്റെ പ്രവേശന ഭാഗത്തെ 50 മീറ്ററോളം വരുന്ന ഭാഗം ഉയർത്തി ടാറിംഗ് നടത്തിയതിനാലാണ് ഈ ഭാഗം തകർന്ന് കിടക്കുന്നത്. ചെളിക്കുളമായ റോഡിൽ കാല് കുത്തുവാൻ പറ്റാത്ത അവസ്ഥയാണ്. സ്കൂൾ കുട്ടികൾ ഉൾപ്പടെ നൂറ് കണക്കിന് കാൽനടയാത്രക്കാർ കടന്നുപോകുന്ന റോഡിൽ മൂന്നടിയിലധികം താഴ്ചയുള്ള വൻകുഴികൾ രൂപപ്പെട്ടിരിക്കുന്നത് മൂലം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇതിൽ വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ ചെളിവെള്ളം വീഴുന്നതും നിത്യസംഭവമാണ്. റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുന്നതിനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.