തലയോലപ്പറമ്പ് : ചെമ്പ് പഞ്ചായത്തിലെ കായലോര മേഖലയിലെ ജനങ്ങൾക്ക് ബ്രഹ്മമംഗലവുമായി ബന്ധപ്പെടുന്നതിന് എളുപ്പമാർഗമായ മുറിഞ്ഞപുഴ വാലേൽ പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളായ മുറിഞ്ഞപുഴ, ചെമ്പ് മാർക്കറ്റ്, കാട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെത്താൻ എളുപ്പമാർഗമായി മുറിഞ്ഞപുഴ വാലേൽ കടത്തിനെയാണ് നൂറുകണക്കിനാളുകൾ ആശ്രയിക്കുന്നത്. ഏഴു പതിറ്റാണ്ടായി മുറിഞ്ഞപുഴ വാലേൽ കടത്തിൽ പാലം വേണമെന്ന ആവശ്യം പ്രദേശവാസികൾ ഉയർത്തി വരികയാണ്. വാലേൽ ഭാഗത്ത് കടത്ത് കടവിനടുത്ത് ഗതാഗതയോഗ്യമായ ടാർ റോഡ് എത്തി നിൽപ്പുണ്ട്. കടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വൈക്കം എറണാകുളം റോഡിലെ മുറിഞ്ഞപുഴ പാലമാണ്. ഇരുകരകളിലും റോഡുണ്ടായിട്ടും നിരവധി തവണ തുക അനുവദിച്ച പാലത്തിന്റെ നിർമ്മാണം സാങ്കേതികത്വത്തിൽ കുടുങ്ങുകയാണ്. ഒടുവിൽ പാലത്തിനും സമീപ റോഡിനുമായി 18 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഒരു നാടിന്റെ വികസനത്തിൽ നിർണായകമായ പങ്കുവഹിക്കുന്ന പാലത്തിന്റെയും സമീപ റോഡിന്റെയും നിർമ്മാണത്തിന് തടസം നിൽക്കുന്നത് പുഴയോരത്ത് സ്ഥലമുള്ള ഭൂഉടമകളിൽ ചിലരാണ്. ചെമ്പ് പഞ്ചായത്തിന്റെ കിഴക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളിലേയ്ക്കും വൈക്കം ഭാഗത്തേക്കും പോകുന്നവർക്കും പാലം യഥാർഥ്യമായാൽ കിലോമീറ്ററുകളുടെ യാത്രാ ലാഭമാണുണ്ടാവുക. മുറിഞ്ഞപുഴ പാലത്തിന് കിഴക്കുഭാഗത്ത് കടത്ത് കടവ് വരെ സർക്കാർ പുറമ്പോക്കുണ്ടെന്നും ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തി പാലത്തിന് സമീപം റോഡ് തീർത്ത് പാലം യാഥാർഥ്യമാക്കി ഉൾപ്രദേശത്ത് വികസനമെത്തിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. മുറിഞ്ഞപുഴ വാലേൽ പാലം തടസങ്ങൾ നീക്കി യാഥാർഥ്യമാക്കുന്നതിന് അധികൃതർ നടപടി ത്വരിതപ്പെടുത്തണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.