k

പാലാ: എനിക്ക് പാലാ നഗരഭരണ കർത്താക്കളോട് ഒരഭ്യർത്ഥനയേയുള്ളൂ; മഹാകവി പാലാ നാരായണൻ നായർ, ആർ.വി. തോമസ്, കെ. എം. ചാണ്ടി തുടങ്ങിയ മൺ മറഞ്ഞ മഹാരഥന്മാരെ ഒരിക്കലും അവഗണിക്കരുത്. അവർക്കെല്ലാം ഉചിതമായ സ്മാരകൾ ഉടൻ ഉണ്ടായേ തീരൂ, എന്നും അവരെ സ്മരിക്കേണ്ടവരാണ് നമ്മൾ ....' ഇന്നലെ പാലാ നഗരസഭാ ഹാളിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയവെയാണ് മാണി. സി. കാപ്പൻ എം.എൽ.എ. നഗരഭരണ നേതൃത്വത്തോട് ഈ അഭ്യർത്ഥന നടത്തിയത്.

മഹാകവികളായ പാലായ്ക്കും കുമാരനാശാനും വേണ്ട സ്മാരകങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പാലാ നഗരസഭാധികാരികൾ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന കാര്യം ' കേരള കൗമുദി ' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് മാണി. സി. കാപ്പൻ പാലാ നഗരഭരണാധികാരികളെ ഇക്കാര്യം ഓർമ്മിപ്പിച്ചത്.

മാണി.സി. കാപ്പന് പാലാ നഗരസഭയുടെ ഉപഹാരം ചെയർപേഴ്‌സൺ ബിജി ജോജോ സമ്മാനിച്ചു. സ്വീകരണ സമ്മേളനത്തിൽ ചെയർപേഴ്‌സൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, എൻ. എസ്. എസ്. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ, പ്രൊഫ. സതീഷ് ചൊള്ളാനി , റോയി ഫ്രാൻസീസ്, ജോർജ് കുട്ടി ചെറുവള്ളിൽ , ബിജു പാലൂപ്പടവിൽ, അഡ്വ. ബിനു പുളിക്കക്കണ്ടം, പ്രസാദ് പെരുമ്പള്ളിൽ , അഡ്വ. ബെറ്റി ഷാജു, സിബിൽ തോമസ്, ലൂസി ജോസ്, മിനി പ്രിൻസ്, ബെന്നി മൈലാടൂർ തുടങ്ങിയവർ സംസാരിച്ചു. 2000 മുതൽ 2005 വരെ പാലാ നഗരസഭാ കൗൺസിലർ കൂടിയായിരുന്നൂ മാണി.സി. കാപ്പൻ. പാലാ ജനറൽ ആശുപത്രിയുടെ പുതിയ മന്ദിരം ജനുവരി 31ന് മുമ്പായും, പാലാ ബൈപ്പാസ് മാർച്ച് 31ന് മുമ്പായും ഉദ്ഘാടനം ചെയ്യുമെന്നും മാണി. സി. കാപ്പൻ അറിയിച്ചു.