പാലാ: ലയൺസ് ക്ലബിന്റെ മേഴ്‌സി ഹോംസ് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയായ പത്തു ഭവനങ്ങളുടെ താക്കോൽ ദാനവും ഇടപ്പാടിയിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ഹാപ്പി ഹോംസ് പദ്ധതിയുടെ ഉദ്ഘാടനവും ഇന്നലെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നല്ല മനസിന്റെ ഉദാഹരണമാണ് ഇത്തരം പദ്ധതികളെന്നും സാമൂഹ്യപ്രതിബന്ധതയുളള അനേകം ആളുകൾ ഇത്തരത്തിൽ മുന്നോട്ടു വരുന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പദ്ധതിയിലൂടെ 1,38,000 വീടുകൾ പൂർത്തിയായെന്നും ഡിസംബറിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയാകുമെന്നും അടുത്ത ഘട്ടത്തിൽ സ്ഥലവും വീടും ഇല്ലാത്തവർക്കായുള്ള ഭവന സമുച്ചയ പദ്ധതിയിലൂടെ അഞ്ചു ലക്ഷത്തോളം വീടുകൾ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. എബ്രാഹം പാലക്കുടിയും ജോസ് പാലക്കുടിയും കുടുംബാംഗങ്ങളും സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്താണ് പത്ത് വീടുകളുടെ നിർമ്മാണം പൂർത്തിയായത്. ഓരോ ഭവനവും 635 ചതുരശ്രയടി വിസ്തീർണമുളളതും ഏഴു ലക്ഷത്തിൽപ്പരം രൂപ മുടക്കുള്ളതുമാണ്. ചെറിയാൻ സി കാപ്പനും കുടുംബാംഗങ്ങളും സംഭാവന ചെയ്ത 53 സെന്റ് സ്ഥലത്ത് നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് ചെറിയാൻ ജെ കാപ്പൻ ആൻഡ് ത്യേസ്യാമ്മ കാപ്പൻ മൊമ്മോറിയൽ ഹാപ്പി ഹോംസ് പദ്ധതി. സമ്മേളനത്തിൽ ജോർജുകുട്ടി എബ്രാഹം ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ജി.വേണുഗോപാൽ പ്രോജക്ട് അവതരിപ്പിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക് ഗവർണർ മാഗി ജോസ് മേനാംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജോസ് കെ മാണി എം പി, തോമസ് ചാഴികാടൻ എം പി, മാണി സി കാപ്പൻ എം.എൽ.എ, സുരേഷ് കുറുപ്പ് എം.എൽ.എ, പാലാ നഗരസഭാദ്ധ്യക്ഷ ബിജി ജോജോ, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയി, വക്കച്ചൻ മറ്റത്തിൽ, വി.എൻ.വാസവൻ, കെ.ജെ.തോമസ്, വി.പി.നന്ദകുമാർ, സി.പി.ജയകുമാർ, പ്രിൻസ് സ്‌കറിയ, ഡോ.ജോർജ് മാത്യു എന്നിവർ സംസാരിച്ചു. പ്രസിഡന്റ് വി.ജെ.ജോർജ് വലിയപറമ്പിൽ സ്വാഗതവും ചെറിയാൻ സി കാപ്പൻ നന്ദിയും പറഞ്ഞു. കുര്യാക്കോസ് പടവൻ, ജോർജ് സി കാപ്പൻ, ലാലിച്ചൻ ജോർജ്, പ്രഫ.സതീഷ് ചൊള്ളാനി, പി.എം.ജോസഫ്, ബാബു കെ ജോർജ്, ബിനു പുളിക്കക്കണ്ടം, കെ.ജെ.ഫിലിപ്പ് കുഴികുളം, ജോർജ് പുളിങ്കാട്, ജി.രജ്ഞിത്, ജോഷി പുതുമന തുടങ്ങിയവർ പങ്കെടുത്തു.