പാലാ: ജനറൽ ആശുപത്രിക്കു പേരിടുന്ന വിഷയത്തിൽ താൻ കേരളാ കോൺഗ്രസ് കുടുംബമായതിനാൽ കെ.എം. മാണിയുടെ പേരിടുന്നതിനെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന കോൺഗ്രസ് കൗൺസിലർ മിനി പ്രിൻസിന്റെ വാദം പൊളിയുന്നു. ഇന്നലെ പുറത്തിറങ്ങിയ കൗൺസിൽ യോഗ മിനിട്‌സിൽ മിനി പ്രിൻസ് പറഞ്ഞ കാര്യങ്ങൾ വ്യക്തമായി ചേർത്തിട്ടുണ്ട്. 'താൻ കോൺഗ്രസ് പ്രതിനിധിയായാണ് കൗൺസിലർ ആയതെങ്കിലും തന്റെ കുടുംബം കേരളാ കോൺഗ്രസ്സുകാരായതിനാൽ മാണിസാറിന്റെ പേരിടുന്നതിനെ അനുകൂലിക്കുകയാണെന്നും മാണി സാറിന്റെ കാര്യത്തിൽ എതിർക്കാൻ ബുദ്ധിമുട്ടുണ്ട് എന്നും ' മിനി പ്രിൻസ് പറഞ്ഞതായി മിന്ട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ താൻ കൗൺസിൽ യോഗത്തിൽ പറയാത്ത കാര്യം മിനിട്‌സിൽ തെറ്റായി ചേർക്കുകയായിരുന്നൂവെന്ന് മിനി ആരോപിക്കുന്നു. മിനിട്‌സ് വളരെ കൃത്യമാണെന്നും മിനി പറഞ്ഞ കാര്യങ്ങൾ മാത്രമേ അതിൽ ചേർത്തിട്ടുള്ളൂവെന്നും കോൺഗ്രസ് പാലാ ബ്ലോക്കു പ്രസിഡന്റുകൂടിയായ പ്രൊഫ. സതീഷ് ചൊള്ളാനി പറഞ്ഞു. കോൺഗ്രസ് തീരുമാനങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന മിനി പ്രിൻസിന്റെ നടപടി ഉടൻ ചേരുന്ന പാർട്ടി മണ്ഡലം കമ്മിറ്റി ചർച്ച ചെയ്യുമെന്നും പ്രൊഫ. സതീഷ് ചൊള്ളാനി അറിയിച്ചു
കൗൺസിൽ ക്ലർക്കിനെക്കൊണ്ട് നഗരസഭാ ചെയർപേഴ്‌സൺ തെറ്റായ മിനിട്‌സ് തയ്യാറാക്കുകയാണ് ഉണ്ടായത്. ഇക്കാര്യത്തിൽ വിയോജനക്കുറിപ്പ് കൊടുത്തിട്ടുണ്ട് -- മിനി പ്രിൻസ്
മിനി കൗൺസിൽ യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ മാത്രമേ മിനിട്‌സിൽ ചേർത്തിട്ടുള്ളൂ. മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്
-- ബിജി ജോജോ, നഗരസഭാ ചെയർപേഴ്‌സൺ