കോട്ടയം : ടി.ബി റോഡിലെ മെട്രോ ലോഡ്ജിന് മുകളിൽ പരസ്യബോർഡിന്റെ അളവെടുക്കുന്നതിനിടെ ഷോക്കേറ്റ് റോഡിലേക്ക് വീണ കാഞ്ഞിരം കലാഭവനിൽ സത്യൻ (50) മരിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 11.45 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സത്യനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് അളവ് പിടിക്കുന്നതിനിടെ സ്കെയിൽ ലൈനിൽ തട്ടിയായിരുന്നു അപകടം.
റോഡിലേക്ക് വീണ സത്യനെ പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ടി.ബി റോഡിൽ ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. റോഡിൽ തളംകെട്ടി കിടന്ന രക്തം ഫയർഫോഴ്സെത്തി കഴുകി വൃത്തിയാക്കി.
അജിതയാണ് സത്യന്റെ ഭാര്യ. മക്കൾ: അപർണ്ണ സത്യൻ, അനന്ത കൃഷ്ണൻ.