കോട്ടയം: മഴയൊന്നു കനത്താൽ ഒറ്റപ്പെട്ടുപോകുന്ന തിരുവാർപ്പ് പ്രദേശത്തെ നാട്ടുകാർക്ക് ഇനി ആശ്വാസത്തിന്റെ നാളുകൾ. ഇല്ലിക്കൽ മുതൽ തിരുവാർപ്പുവരെയുള്ള 6 കി.മീറ്റർ റോഡ് ഒരുമീറ്റർ ഉയർത്താനുള്ള പദ്ധതിക്ക് ഇന്ന് തറക്കല്ലിടും. സംസ്ഥാന സർക്കാരിന്റെ നവകേരള സൃഷ്ടിയുടെ ഭാഗമായി 4.25 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന തിരുവാർപ്പ് പ്രദേശം എല്ലാപ്രളയകാലത്തും പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടുപോകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്. റോഡിൽ ഒരുമീറ്ററോളം ഉയരത്തിൽ വെള്ളം കയറി ബസ് സർവീസ് ഉൾപ്പെടെ ദിവസങ്ങളോളം നിറുത്തിവയ്ക്കുന്നതായിരുന്നു ഓരോ പ്രളയകാലത്തേയും അനുഭവം. 2018 ലെ മഹാപ്രളയത്തിൽ നിത്യോപയോഗ സാധനങ്ങൾ പോലും ലഭിക്കാതെ നാട്ടുകാർ ദുരിതത്തിലായി. ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് റോഡ് ഉയർത്തി നിർമിക്കാൻ തീരുമാനിച്ചത്.

ഇന്ന് വൈകിട്ട് 6ന് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ റോഡ് പുനർനിർമ്മാണം കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ അദ്ധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ല പഞ്ചായത്ത് അംഗം ജയേഷ് മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ അബ്ദുൾ കരീം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സനിത അനീഷ്, മീനച്ചിൽ- മീനന്തലയാർ- കൊടൂരാർ പുന:സംയോജനപദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.