കോട്ടയം: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിലുള്ള അയ്യപ്പ ധർമ്മ പ്രചാരണ രഥയാത്രയ്ക്ക് ഇന്ന് രാവിലെ 8 നു എരുമേലിയിൽ തുടക്കമാവും. മാതാ അമൃതാനന്ദമയി മഠം ചങ്ങനാശ്ശേരി മഠാധിപതി നിഷ്ഠാമൃത ചൈതന്യ സർവൈശ്വര്യപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. അയ്യപ്പസേവാസമാജം സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രഥയാത്ര ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം പ്രസിഡന്റ് പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. മാർഗ്ഗ ദർശക് മണ്ഡൽ സംസ്ഥാന ജന.സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ, സ്വാമി ദർശനാനന്ദ സരസ്വതി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും. തുടർന്ന് കാഞ്ഞിരപ്പിള്ളി താലൂക്കിൽ പ്രധാന ക്ഷേത്രങ്ങളിൽ രഥയാത്ര പ്രയാണം നടത്തി വൈകിട്ട് കൊടുങ്ങൂർ ക്ഷേത്രത്തിൽ സമാപിക്കും. 21നു ചങ്ങനാശ്ശേരിൽ താലൂക്കിൽ പ്രവേശിക്കുന്ന യാത്ര വൈകിട്ട് ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിൽ പടിപൂജയോടെ സമാപിക്കും. 22നു കോട്ടയം താലൂക്കിൽ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ രാവിലെ 10 മണിക്ക് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. 23 നു മീനച്ചിൽ താലൂക്കിലെ യാത്ര കിടങ്ങൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് വൈകിട്ട് കടപ്പാട്ടൂർ ക്ഷേത്രസന്നിധിയിൽ സമാപിക്കും. സമാപന ദിവസമായ 24 നു രാവിലെ 8 മണിക്ക് കടുതുരുത്തിയിൽ നിന്നാരംഭിച്ച് വൈകിട്ട് വൈക്കം വലിയ കവലയിൽ സമാപിക്കും. അയ്യപ്പന്റെ വിഗ്രഹ രഥയാത്രയിൽ കുടുംബാർച്ചന, നെയ്യഭിഷേകം, ഗോപൂജ, പടിപൂജ, നീരാജ്ഞനപൂജ, സമൂഹാർച്ചന, മുദ്ര ധാരണം തുടങ്ങിയ ചടങ്ങുകൾക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ രാജേഷ് നട്ടാശേരി അറിയിച്ചു.