പൊൻകുന്നം:ത്രിതലപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കിനിൽക്കെ ചിറക്കടവ് ഗ്രാമ പഞ്ചായത്തിൽ നടക്കുന്ന രാഷ്ട്രീയനാടകങ്ങൾ കണ്ട് അന്തംവിട്ടുനിൽക്കുകയാണ് ജനം .2015ൽ ഭരണത്തിന്റെ തുടക്കം മുതൽ പഞ്ചായത്ത് കമ്മിറ്റിയിൽ ഒറ്റക്കെട്ടായി നിൽക്കുന്ന എൽ.ഡി.എഫ്, ബി.ജെ.പി, യു.ഡി.എഫ് എന്നീ കക്ഷികളാണ് പുറത്തിറങ്ങി നാടകം കളിക്കുന്നത്. ഏറ്റവും ഒടുവിലായി മൂന്നു കൂട്ടരും തെരുവിലിറങ്ങാൻ കാരണം കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷക്കെതിരെയുള്ള ആരോപണങ്ങളാണ്.സി.ഡി.എസിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും സി.ഡി.എസ് അദ്ധ്യക്ഷയെ രക്ഷിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജി വെയ്ക്കണമെന്നുമാണ് ബി.ജെ.പിയും യുഡി.എഫും ആവശ്യപ്പെടുന്നത്.യാതൊരു ക്രമക്കേടുമില്ല എല്ലാം ശരിയാണെന്ന് എൽ.ഡി.എഫും പറയുന്നു. അതേസമയം എൽ.ഡി.എഫിലെ തന്നെ ചില അംഗങ്ങൾ പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധമുള്ളവരാണ്.പ്രസിഡന്റിന്റെ പിടിവാശിയാണ് പ്രതിസന്ധിക്ക് കാരണമെന്ന് അവർ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. സി.ഡി.എസ്.അദ്ധ്യക്ഷ പഞ്ചായത്ത് കമ്മിറ്റിയിൽ ഹാജരായി വിശദീകരണം നൽകിയാൽ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളുവെന്നാണ് ഭൂരിപക്ഷം മെമ്പർമാരും അഭിപ്രായപ്പെടുന്നത്. ഞങ്ങളുടെ ഭരണം മോശമാണെങ്കിൽ അവിശ്വാസം കൊണ്ടുവന്ന് പുറത്താക്കാനാണ് എൽ.ഡി.എഫ് ആവശ്യപ്പെടുന്നത്. അതിന് പ്രതിപക്ഷം തയ്യാറല്ലതാനും. കഴിഞ്ഞ 25 വർഷങ്ങളായി ഇടതുമുന്നണിയാണ് ചിറക്കടവ് പഞ്ചായത്ത് ഭരിക്കുന്നത്. 2005ൽ 19 സീറ്റിൽ 16 ഇടതിനും 3 സീറ്റ് യു.ഡി.എഫിനുമായിരുന്നു. 2010ൽ സീറ്റുകളുടെ എണ്ണം 20 ആയപ്പോൾ എൽ.ഡി.എഫിന് 11,യു.ഡി.എഫ് 7 ബി.ജെ.പി.2 എന്ന നിലയായി. 2015ൽ എൽ.ഡി.എഫ് ന്യൂനപക്ഷമായി മാറുകയും ചെയ്തു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടുതൽ ക്ഷീണം കോൺഗ്രസിനാണ്. ഇപ്പോൾ സി.പി.ഐക്കൊപ്പം 2 സീറ്റുകളുമായി നാലാം സ്ഥാനത്താണ്. വരുന്ന തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുള്ള അടവുകളാണ് ഓരോരുത്തരും പയറ്റുന്നത്

 പഞ്ചായത്തിൽ ആകെ അംഗങ്ങൾ -- 20

എൽ.ഡി.എഫ്.....9

ബി.ജെ.പി......6

യു.ഡി.എഫ്.........5