ചങ്ങനാശേരി : വായ്പ അടയ്ക്കാത്തതിനെ തുടർന്ന് ജപ്തി ചെയ്ത് സൂക്ഷിച്ച സൈക്കിളുകൾ മോഷണം പോയ സംഭവത്തിൽ 27 സൈക്കിളുകൾ തിരികെ ലഭിച്ചതായി പൊലീസ്. മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ രാഹുൽ (19) ആണ് കഴിഞ്ഞ സെപ്തംബർ 25 ന് വെങ്കോട്ട സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത പുത്തൻപറമ്പിൽ സൈക്കിൾസിന്റെ വെങ്കോട്ടയിലെ ഗോഡൗണിൽ നിന്ന് 35 സൈക്കിളുകൾ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം ഇത് വാർത്തയായതോടെ രാഹുൽ സൈക്കിൾ നൽകിയ കുട്ടികളുടെ രക്ഷകർത്താക്കളാണ് സൈക്കിളുകൾ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. നൂറോളം സൈക്കിൾ ഗോഡൗണിൽ ഉണ്ടായിരുന്നു. സൈക്കിളുകൾ മോഷ്ടിച്ച ശേഷം വിദ്യാർത്ഥികൾക്കും മറ്റും വില്പന നടത്തുകയായിരുന്നു. അവശേഷിച്ച ഒരു സൈക്കിൾ ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വിവിധ മോഷണ കേസിൽ രാഹുലിന്റെ പിതാവും മാതാവും ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. സഹോദരനും ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. രാഹുലിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി. അവശേഷിക്കുന്ന ഏഴു സൈക്കിളുകൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി തൃക്കൊടിത്താനം സ്റ്റേഷൻഹൗസ് ഓഫീസർ സാജുവർഗീസ് പറഞ്ഞു.