പാലാ: എവിടെയും കുഴികൾ, കുഴികൾ നിറച്ചും വെള്ളം...കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് കണ്ടാൽ നീന്തൽക്കുളമാണെന്ന് തെറ്റിദ്ധരിച്ചാൽ ആരേയും കുറ്റം പറയാൻ പറ്റില്ല.
അത്രയ്ക്ക് കഷ്ടമാണീ സ്റ്റാൻഡിന്റെ അവസ്ഥ. പാലാ നഗരസഭയ്ക്കു കീഴിലാണീ ബസ് സ്റ്റാൻഡ്. പക്ഷേ ശോച്യാവസ്ഥ കാണാൻ അധികാരികൾക്കു കണ്ണില്ല !

നഗരസഭയുടെ അനാസ്ഥയും നേരത്തേ ചെയ്ത ടാറിംഗിലെ ക്രമക്കേടുമാണ് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് കുളമാക്കിയത് എന്നതാണ് വാസ്തവം. ഏഴു മാസം മുമ്പ് ടാറിംഗ് നടത്തിയ ബസ് സ്റ്റാൻഡാണ് ഇത്ര വേഗം തകർന്നത്. ടാറിംഗ് ഇളകി പൊളിഞ്ഞു വലിയ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. മുന്നോറോളം ബസുകൾ ദിനംപ്രതി പലതവണ കയറി ഇറങ്ങുന്ന സ്റ്റാൻഡാണിത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയവും. ഇവിടെ ബസ് ജീവനക്കാർക്കും യാത്രക്കാർക്കും വലിയ ദുരിതമാണ് ഉണ്ടാകുന്നത്. വൈക്കം റോഡിൽ നിന്നും ബസ്സ് സ്റ്റാൻഡിലേക്ക് കയറുന്നിടത്താണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽകൂടി ബസ് ഇറങ്ങുമ്പോൾ കുഴിയിലെ ചെളിവെള്ളം തെറിച്ചു യാത്രക്കാരുടെ ദേഹത്തും വസ്ത്രങ്ങളിലും പതിക്കുന്നതും നിത്യ സംഭവമാണ്. കൊട്ടാരമറ്റം ബസ്സ് സ്റ്റാൻഡിലെ ടാറിംഗിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെന്നും അടിയന്തരമായി ടാറിംഗ് നടത്തി യാത്രക്കാരുടെയും വാഹനങ്ങളുടെയും ദുരിതം അകറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഏറെ ശോച്യാവസ്ഥയിലായ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ കിഴക്കുവശം ഉടൻ നന്നാക്കും. ഇവിടെ ടൈൽ പതിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി 28 ലക്ഷത്തോളം രൂപാ അനുവദിച്ചിട്ടുണ്ട് -- ബിജി ജോജോ, നഗരസഭാ ചെയർപേഴ്സൺ