പൂഞ്ഞാർ: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വ പൂഞ്ഞാർ സുന്ദര പൂഞ്ഞാർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ രണ്ടര ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ അംഗീകൃത ഏജൻസിയായ എക്കോ ഫ്രണ്ട്‌ലി സൊല്യൂഷന് കൈമാറി. ഹരിത കർമ്മ സേന മുഖേന പഞ്ചായത്തു പരിധിയിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും സ്‌പെഷ്യൽ ഡ്രൈവിലൂടെയാണ് ഇ മാലിന്യങ്ങൾ ശേഖരിച്ചത്. ടിവി, ഫാൻ, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, മിക്‌സി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ജൈവ, അജൈവ, ഇലക്ട്രോണിക് മാലിന്യങ്ങൾ പഞ്ചായത്ത് കളക്ഷൻ സെന്ററിൽ വേർതിരിച്ച് സംഭരിക്കുന്നുണ്ട്. നിലവിൽ 30 രൂപ നിരക്കിലാണ് ഹരിത കർമ്മ സേന മാലിന്യങ്ങൾ ശേഖരിക്കുന്നത്. സ്‌പെഷ്യൽ ഡ്രൈവിലൂടെ ശേഖരിക്കുന്ന ഇമാലിന്യങ്ങൾക്ക്
വരും മാസങ്ങളിൽ എണ്ണത്തിനനുസരിച്ച് പ്രത്യേക യൂസർ ഫീ ഈടാക്കും. പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം രമേഷ് ബി.വെട്ടിമറ്റം അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ പ്രതിനിധി അൻഷാദ് ഇസ്മായിൽ, ഹരിത സഹായം പ്രതിനിധികളായ സജിത്ത് വർമ,അനിൽകുമാർ എന്നിവർ പങ്കെടുത്തു.