കോട്ടയം: ശബരിമല സീസണാണ് ജില്ലയിലെ കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ല്. റെയിൽവേ സ്റ്റേഷനിൽ ഒരു ട്രെയിൻ വന്നാൽ 15 ബസുകൾക്ക് മലകയറാം. എന്നാൽ സീസണിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇക്കുറി എന്താകും അവസ്ഥയെന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോ നീങ്ങുന്നത്. ഡ്രൈവർമാരും അനുബന്ധ ജീവനക്കാരുമില്ലാത്ത ഡിപ്പോ. വെട്ടവും വെളിച്ചവുമില്ലാതെ കുണ്ടും കുഴിയുമായ സ്റ്റാൻഡ്. ഇക്കുറി കെ.എസ്.ആർ.ടി.സി കയറ്റം അയ്യപ്പൻമാർക്ക് കഠിനമാകുമെന്ന് ഏതാണ്ട് ഉറപ്പായി.
പ്രേത ഭവനത്തിന്റെ കെട്ടും മട്ടും
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാതെ യാത്രക്കാർക്ക് നിരന്തരം പണികൊടുക്കുകയാണ് കോട്ടയം ഡിപ്പോ. പൂർണമായും കുഴിയായി, കല്ലും മെറ്റലും മാത്രമാണ് ടാർ ചെയ്‌ത സ്റ്റാൻഡിലുള്ളത്. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടവും യാത്രക്കാരെ പേടിപ്പിക്കുന്നു. എപ്പോൾ വേണെങ്കിലും, ഇടിഞ്ഞു വീഴാവുന്ന ഒരു പ്രേത ഭവനത്തിന്റെ കെട്ടും മട്ടുമാണ് ഈ കെട്ടിടത്തിന്. പഴകിയ ദ്രവിച്ച കെട്ടിടത്തിൽ യൂണിയനുകൾ ആവശ്യത്തിനും അനാവശ്യത്തിനും നോട്ടീസ് ഒട്ടിച്ച് പരമാവധി വൃത്തികേടാക്കിയിട്ടുണ്ട്. ആധുനിക കെട്ടിട നിർമ്മാണത്തിനായി ഡിപ്പോയുടെ പല ഭാഗങ്ങളും പൊളിച്ചിട്ടിരിക്കുന്നതിനാൽ ബസുകൾ പാർക്ക് ചെയ്യാനും സൗകര്യമില്ല.
വണ്ടിയില്ലെങ്കിൽ കുടുങ്ങും
മുൻ വർഷങ്ങളിൽ മറ്റു ഡിപ്പോകളിൽ നിന്നുള്ള 35 ബസുകളും ഇവിടെ നിന്നുള്ള ജീവനക്കാരെയുമാണ് ശബരിമലയ്ക്ക് അയച്ചിരുന്നത്. 24 മണിക്കൂറും അഞ്ചു കെ.എസ്.ആർ.ടി.സി ബസുകളും ഒരു സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ ജീവനക്കാരും റെയിൽവേ സ്റ്റേഷനിലും ക്യാമ്പ് ചെയ്‌തിരുന്നു. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന ഇക്കുറി അൻപത് ബസുകളെങ്കിലും ഉണ്ടെങ്കിലേ പ്രശ്‌നങ്ങളില്ലാതെ സർവീസ് നടത്താൻ സാധിക്കൂ .