കോട്ടയം: പ്രതിദിനം 1.03 കോടി ടിക്കറ്റ് അടിച്ചിട്ടും മലയാളിയുടെ ലോട്ടറി ദാഹം തീരുന്നില്ല..! ദിവസവും ഓരോ ജില്ലയിലും പുതുതായി നൂറിലേറെ ലോട്ടറി ഏജൻസികൾ തലപൊക്കിത്തുടങ്ങിയതോടെ മൂന്നു മാസത്തേക്ക് പുതിയ ഏജൻസി നൽകേണ്ടെന്നാണ് വകുപ്പിന്റെ താത്കാലിക തീരുമാനം. തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിന് ശേഷമാണ് ലോട്ടറി വില്പനയിൽ കുതിച്ചു ചാട്ടമുണ്ടായത്. പ്രതിദിനം ഒരു കോടി മൂന്നു ലക്ഷത്തി പന്ത്രണ്ടായിരം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ഒന്നു പോലും മിച്ചമില്ല. പുതിയ ഏജൻസികൾ വരുന്നതോടെ നിലവിലുള്ളവരുടെ ലോട്ടറി ക്വോട്ട വെട്ടിക്കുറയ്ക്കുകയോ, കൂടുതലായി അച്ചടിക്കേണ്ടി വരികയോ ചെയ്യും. ഇത് സാമ്പത്തികമായി നേട്ടമുണ്ടാക്കുമെങ്കിലും സാമൂഹികമായി ദോഷം ചെയ്യുമെന്നു കണ്ടാണ് പുതിയ തീരുമാനം.
പതിനായിരം ടിക്കറ്റിനു മുകളിൽ വാങ്ങുന്ന 250 വൻകിട ഏജന്റുമാരാണ് സംസ്ഥാനത്തുള്ളത്. ഇതു കൂടാതെ 60,000 വരെ വില്പനക്കാരുമുണ്ട്. ഇവരെയെല്ലാം 35 ഓഫീസുകളിലായാണ് കൈകാര്യം ചെയ്യുന്നത്. ലോട്ടറി അച്ചടി കൂട്ടുന്നത് ജീവനക്കാരുടെ ജോലി ഭാരം വർദ്ധിപ്പിക്കുമെന്നതിനാൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ഓഫീസർമാരുടെ യോഗം അച്ചടി കൂട്ടരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
വരുമാനവും ലാഭവും (കോടി രൂപയിൽ)
2010 - 11 വരുമാനം: 557.69. ലാഭം: 92.02
2011 - 12 വരുമാനം : 1287.08. ലാഭം: 394.87
2012 - 13 വരുമാനം: 2778.80. ലാഭം: 681.76
2013- 14 വരുമാനം: 3793.72 ലാഭം: 788.42
2014 - 15 വരുമാനം: 5445.43 ലാഭം: 1168.26
2015 - 16 വരുമാനം: 6317.73 ലാഭം: 1461.16
2016 - 17 വരുമാനം: 7394.91 ലാഭം: 1691.05
2017- 18 വരുമാനം: 8977.24. ലാഭം: 1800.25
2018-19 വരുമാനം: 10,377. ലാഭം : 1900.35
അച്ചടി
അംഗീകാരമുള്ളത് - 1.08 കോടി ടിക്കറ്റ്
അച്ചടിക്കുന്നത് - 1.03 കോടി ടിക്കറ്റ്
കാരുണ്യ മാത്രം - 75 ലക്ഷം ടിക്കറ്റ്