കോട്ടയം: കാണുക ഈ പുഞ്ചിരികൾ..! മണ്ണറിഞ്ഞ്, മഴയറിഞ്ഞ്, പൂവിറുത്ത് ... ചേറിലിറങ്ങി ആമ്പൽപ്പൂക്കളിൽ തൊടുമ്പോൾ ഓരോ സഞ്ചാരിയുടെയും മുഖത്തും ആഹ്ളാദപ്പൂവിരിയുന്നു. മലരിക്കൽ എന്ന അപ്പർകുട്ടനാടൻ ഗ്രാമത്തെ സൂപ്പർ ഹിറ്രാക്കിയത് ഇതാണ്. പറിച്ചെടുത്ത ആമ്പൽപ്പൂക്കൾ നെഞ്ചോട് ചേർത്താണ് സഞ്ചാരികൾ മടങ്ങുന്നത്. ഇന്നലത്തോടെ ഒറ്റ പൂ പോലും ബാക്കിവയ്‌ക്കാതെ എല്ലാം പറിച്ചെടുത്തു സഞ്ചാരികൾ.

ആമ്പൽപ്പൂവസന്തം കാണാൻ ഇന്നലെയും അയൽജില്ലകളിൽ നിന്നു പോലും ആയിരങ്ങളാണ് എത്തിയത്. ആമ്പൽപ്പൂക്കൾ പറിക്കാനും, ചെളിയിൽ കളിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും തിരക്കായിരുന്നു. ഇന്നലെ ഇല്ലിക്കൽ ജംഗ്ഷൻ വരെ വാഹനങ്ങളുടെ നിര നീണ്ടതോടെ, പലരും കാഞ്ഞിരം കവലയിൽ വാഹനം നിർത്തിയ ശേഷം നാലു കിലോമീറ്ററോളം നടന്നാണ് മലരിക്കലിൽ എത്തിയത്. തുടർന്ന്, ഉളളിലെ പാടശേഖരിത്തിലേയ്‌ക്ക് തോടിന്റെ കരയിലൂടെ ഒന്നര കിലോമീറ്ററോളം വീണ്ടും നടക്കേണ്ടിവന്നു . മലരിക്കലിലെ ഗ്രാമീണ റോഡരികിലെ പാടത്തെ ആമ്പലുകൾ മുഴുവൻ സന്ദർശകർ ആദ്യം തന്നെ സ്വന്തമാക്കിയതിനാൽ ആളുകൾ ഇന്നലെ ഉൾനാടൻ പാടശേഖരങ്ങളിലേയ്ക്ക് കടന്നു. മലരിക്കലിൽനിന്ന് ഒന്നരകിലോമീറ്റർ ദൂരെയുള്ള ഒമ്പതിനായിരം, തിരുവായ്‌ക്കരി പാടശേഖരങ്ങളിലെ ആമ്പൽ കാഴ്‌ച കാണാനാണ് ആളുകൾ എത്തിയത്.

രണ്ടു ദിവസത്തിനുള്ളിൽ കൃഷിയ്‌ക്കായി അമ്പലുകൾ നശിപ്പിക്കുമെന്ന് ഉറപ്പായതോടെയാണ് ഇന്നലെ സന്ദർശകർ കൂട്ടത്തോടെ എത്തിയത്. മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജന പദ്ധതിയും, ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടങ്ങളും നാട്ടുകാരുടെ സഹകരണത്തോടെയാണ് മലരിക്കലിനെ ടൂറിസം കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

മലരിക്കൽ ഹിറ്റായത്

ഇക്കുറി ആമ്പൽപ്പൂക്കൾ പറിക്കാൻ അനുവദിച്ചതോടെയാണ് മലരിക്കലിലേയ്ക്ക് സഞ്ചരികളുടെ ഒഴുക്ക് വർദ്ധിച്ചത്. പാടശേഖരത്തിലൂടെ സഞ്ചരിക്കാൻ നൂറിലേറെ വള്ളങ്ങളും ഒരുക്കിയിരുന്നു. വള്ളങ്ങളിൽ കയറി ആമ്പലുകൾക്കിടയിലൂടെ സഞ്ചരിച്ചും ചിത്രങ്ങൾ പകർത്തിയും ആളുകൾ സോഷ്യൽ മീഡിയയിൽ സജീവമായതോടെ മലരിക്കൽ സൂപ്പർ ഹിറ്റായി.

കൃഷിക്ക് ഒരുക്കം തുടങ്ങിയാൽ ആമ്പൽപ്പൂവുകൾ മരുന്നടിച്ച് നശിപ്പിക്കേണ്ടിവരും. അതുകൊണ്ടാണ് സഞ്ചരികൾക്ക് പറിക്കാൻ അവസരം നൽകിയത്. എന്നാൽ അടുത്ത വർഷം മരുന്നടിക്കുന്നതിന് കുറച്ചു ദിവസം മുൻപു മാത്രമേ പൂപറിക്കാൻ അനുവദിക്കൂ.

കെ.അനിൽകുമാർ, കോ ഓർ‌ഡിനേറ്റർ

മീനന്തറയാർ - കൊടൂരാർ പുനർസംയോജന പദ്ധതി