കോട്ടയം: മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ പരിസരത്ത് തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചു. ഹരിത കേരളം മിഷന്റെ ഹരിത പെരുമാറ്റച്ചട്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കോട്ടയം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മാലിന്യ സംസ്‌കരണം സജീവമാക്കിയത്.
ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്ന രണ്ടു ചേംബർ പ്ലാന്റ് സജ്ജമാക്കാൻ രണ്ടു ലക്ഷം രൂപ ചെലവഴിച്ചു. പ്ലാന്റിൽ മാലിന്യങ്ങൾ 120 ദിവസം സൂക്ഷിച്ച് എനോക്വലിൻ ലായനി ചേർത്ത് വളമാക്കി മാറ്റും. ഇവിടെ ഉത്പാദിപ്പിക്കുന്ന ജൈവവളം സ്റ്റേഷൻ പരിസരത്ത് തയ്യാറാക്കുന്ന ശലഭോദ്യാനത്തിൽ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറും.
സമ്പൂർണ്ണ ശുചിത്വം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ ഭാഗമായി നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിലായി 68 പ്ലാന്റുകളുടെ നിർമ്മാണം പൂർത്തിയാക്കി. നാലെണ്ണം അന്തിമഘട്ടത്തിലാണ്. പുതിയതായി 276 പ്ലാന്റുകൾകൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരസഭയ്ക്കാണ് നിർവഹണ ചുമതല.
റെയിൽവേ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി ആർ സോന മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ ബിന്ദു സന്തോഷ് കുമാർ, നഗരസഭാംഗങ്ങൾ, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ പി .രമേശ്, റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.