r

തലയോലപ്പറമ്പ്: തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ കടന്നുപോകുന്ന സ്ഥലങ്ങളിൽ മണ്ണു പരിശോധന വീണ്ടും തുടങ്ങി. മുളക്കുളം പഞ്ചായത്തിലെ കുന്നപ്പിള്ളിയിലാണ് മണ്ണു പരിശോധനക്കായി ജീവനക്കാർ എത്തിയത്. കുന്നപ്പിള്ളി വെണ്ണമറ്റം ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് റോഡിലാണ് നിലവിൽ പരിശോധന നടക്കുന്നത്. പാത കടന്നു പോകുന്ന ഓരോ അഞ്ച് കിലോമീറ്റർ ദൂരത്തെയും മണ്ണാണ് പരിശോധിക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു. പരിശോധന നടത്തുന്ന ഭാഗത്ത് നിന്നും 500 മീറ്റർ ഇരുവശങ്ങളിലേക്കും മാറിയായിരിക്കും പാത വരുന്നതെന്ന് എത്തിയ പരിശോധകർ പറഞ്ഞു. കുന്നപ്പിള്ളിയിലെ പരിശോധനയ്ക്ക് ശേഷം മഠത്തിപ്പറമ്പ് ഭാഗത്തെ മണ്ണ് പരിശോധനയാണ് നടക്കുക. കഴിഞ്ഞദിവസം മുളക്കുളത്ത് മണ്ണ് പരിശോധനക്ക് വന്ന വാഹനം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ച് പോയിരുന്നു. റെയിൽവേ ലൈൻ മൂലം മുളക്കുളം ഒന്നാം വാർഡിലെ മത്സ്യക്കോളനിയിലെ നാൽപതോളം വീടുകളും പെരുവ, കുന്നപ്പിള്ളി, മഠത്തിപ്പറമ്പ്, തോട്ടുവ പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളും സ്ഥാപനങ്ങളും ഒഴിയേണ്ടി വരുമെന്നാണ് പ്രദേശവാസികളുടെ പരാതി. ആശങ്കകൾ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു.