കോട്ടയം: ജില്ലാ കളക്ടർ പി.കെ. സുധീർബാബുവും മോട്ടോർ വാഹന വകുപ്പും ക‌ർശന നടപടികളുമായി രംഗത്തിറങ്ങിയതോടെ നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്ററിട്ടിട്ട് ഒരാഴ്ച പിന്നിടുന്നു. ഓട്ടോറിക്ഷകൾ മീറ്ററിട്ടോടിയപ്പോൾ കൂലിയിലുണ്ടായ വ്യത്യാസം എത്രയെന്ന് വ്യക്തമാക്കുന്ന കടുത്തുരുത്തിക്കാരനായ യാത്രക്കാരന്റെ ശബ്ദ സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. നാഗമ്പടത്തു നിന്നും ഈരയിൽക്കടവിലേയ്‌ക്ക് പോകുന്നതിനുള്ള നിരക്ക് വ്യക്തമാക്കുന്നതാണ് യുവാവിന്റെ ഓഡിയോ.

മീറ്റർ ഇടുന്നതിനു മുൻപ് നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും ഈരയിൽക്കടവിലേയ്‌ക്കു പോകുന്നതിനു 50 രൂപയാണ് കൂലിയായി നൽകിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മീറ്റർ ഇട്ട് സ‌ർവീസ് നടത്തിയപ്പോൾ 28.40 രൂപയാണ് നൽകേണ്ടി വന്നത്. ചില്ലറയില്ലാത്തതിനാൽ 30 രൂപ നൽകിയെങ്കിലും, 20 രൂപ ലാഭമായിരുന്നു. ഈ ആനുകൂല്യം സാധാരണക്കാരന് നിഷേധിക്കാൻ വേണ്ടിയാണ് ഓട്ടോഡ്രൈവർമാർ അഞ്ചു ദിവസം പണിമുടക്കിയതെന്ന സന്ദേശമാണ് ശബ്‌ദ സന്ദേശത്തിലൂടെ യാത്രക്കാരൻ നൽകുന്നത്.

സെപ്തംബർ ഒന്ന് മുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കി ജില്ലാ കളക്‌ടർ ഉത്തരവിറക്കിയിരുന്നെങ്കിലും ഇതിൽ പ്രതിഷേധിച്ച് ഡ്രൈവർമാർ സമരം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, കളക്‌ടർ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ജില്ലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ മീറ്റർ ഇടാൻ ആരംഭിച്ചു. മീറ്റർ ഇടാതെ സർവീസ് നടത്തുകയും, പെർമിറ്റ് ലംഘിക്കുകയും ചെയ്‌ത 14 ഓട്ടോറിക്ഷകൾക്കെതിരെ ഒരാഴ്‌ചയ്‌ക്കിടെ മോട്ടോർ വാഹന വകുപ്പ് നടപടിയും സ്വീകരിച്ചു.