ചങ്ങനാശേരി: ജാക്ക്ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷന്റെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ചക്ക മഹോത്സവത്തിനു തുടക്കമായി. നവംബർ ഒന്നുവരെ പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ നടക്കുന്ന ചക്ക ഉത്സവം സി.എഫ് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജാക്ക്ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അനിൽകുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ലൈജു എന്നിവർ പങ്കെടുത്തു. വിവിധ കുടുംബശ്രീ-പുരുഷ സ്വയംസഹായസംഘങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി. ചക്കയിൽ നിന്നുള്ള വിവിധ ഭക്ഷണപദാർത്ഥങ്ങൾ മേളയിൽ ലഭിക്കും. ഇതിനോടൊപ്പം കൂണിൽനിന്നുള്ള ഭക്ഷ്യഉത്പന്നങ്ങളും തേനും തേനുത്പന്നങ്ങളും പ്രദർശനത്തിലുണ്ട്. ചക്ക പായസവും മേളയിൽ ലഭ്യമാണ്. എല്ലാദിവസവും രാവിലെ 10 മുതൽ വൈകിട്ട് ഒൻപത് വരെയാണ് പ്രവേശനം.