തലയോലപ്പറമ്പ്: വഴിനീളെ കുഴികൾ മാത്രം നിറഞ്ഞ തലപ്പാറ-പെരുവ റോഡിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ തലപ്പാറ മുതൽ പെരുവ വരെയുള്ള 10 കിലോമീറ്റർ ദൂരത്താണ് അപകടസാദ്ധ്യത കൂടുതൽ. ചെറിയ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിക്കുന്ന വാഹനങ്ങൾ വലിയ കുഴിയിൽ വീണ് അപകടത്തിൽ പെടുന്ന അവസ്ഥയാണ് റോഡിൽ ഉടനീളം. ഇന്നലെ വൈകിട്ട് പെരുവയിൽ നിന്നും ഇലഞ്ഞിഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്ന ഗുഡ്‌സ് ഓട്ടോ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞതാണ് അപകടങ്ങളിൽ ഒടുവിലത്തെ സംഭം. ഡ്രൈവർ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിയെത്തിയ നട്ടുകാരാണ് ഇയാളെ വാഹനം ഉയർത്തി രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഓട്ടോയുടെ മുൻവശം പൂർണ്ണമായും വലതുവശം ഭാഗികമായും തകർന്നു. ആധുനിക നിലവാരത്തിൽ കോടികൾ മുടക്കി നിർമ്മിച്ച റോഡിന്റെ ആറ് കിലോമീറ്ററോളം വരുന്ന ഭാഗം ഇരുവശവും കൂടുതൽ തകർന്നതോടെ ഇതുവഴിയുള്ള യാത്ര ഇരുചക്ര, മുച്ചക്ര വാഹന യാത്രികർക്ക് എറെ ദുരിതമാണ് സമ്മാനിക്കുന്നത്. മൂന്ന് അടിയോളമുള്ള കുഴികളിൽ ചാടി വാഹനങ്ങൾ തകരാറിലാകുന്നതും പതിവാണ്. പെരുവ, പൈക്കര, മൂർക്കാട്ടുപടി, കീഴൂർ, മുഴയംമൂട്, സായിപ്പുകവല, കാഞ്ഞിരവളവ് എന്നിവിടങ്ങളിലാണ് റോഡ് കൂടുതൽ തകർന്നിരിക്കുന്നത്. ജംഗ്ഷനുകളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മാസങ്ങളായി മിഴിയടച്ചതു മൂലം രാത്രി കാലങ്ങളിൽ വരുന്ന വാഹനങ്ങൾ വെളിച്ചമില്ലാത്തതിനാൽ വെള്ളം നിറഞ്ഞ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നതും വാഹനങ്ങൾ തകരാറിലാകുന്നതും പതിവാണ്. ഈ ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതും ദുരിതം വർദ്ധിപ്പിക്കുന്നു. റോഡ് പുനർ നിർമ്മിക്കുന്നതിന് തുക അനുവദിച്ചെങ്കിലും ഏറ്റെടുക്കാൻ കരാറുകാർ വരാത്തതാണ് ദുരിതം വർദ്ധിക്കാൻ കാരണം. പൊതുമരാമത്ത് വകുപ്പ് അധികൃതർ ഇടയ്ക്ക് അറ്റകുറ്റപണികൾ നടത്തി കുഴികൾ അടച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ ടാറിംഗ് ഇളകിപ്പോകുകയായിരുന്നു. റോഡിന്റെ ശോച്യവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യം ഉന്നയിച്ച് സമര പരിപാടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
ആധുനിക നിലവാരത്തിൽ പണിതത് -- 6 വർഷം മുമ്പ്
തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് -- 3 വർഷം
പ്രദേശത്ത് തെരുവുവിളക്കുകളും ഇല്ല
അപകടങ്ങൾ നിത്യസംഭവം
ഇന്നലെ വൈകിട്ട് പെരുവയിൽ നിന്നും ഇലഞ്ഞിഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്ന ഗുഡ്‌സ് ഓട്ടോ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
---
പെരുവ ജംഗ്ഷന് സമീപം റോഡിലെ വൻകുഴിയിൽ വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ തലകീഴായി മറിഞ്ഞ നിലയിൽ