കോട്ടയം: പ്രളയദുരന്തങ്ങളുടെ ബാക്കി പത്രമായി സംരക്ഷണഭിത്തി തകർന്ന റോഡ് അപകടാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. റെയിൽവേ ഗുഡ്സ് ഷെഡിന് സമീപത്തുനിന്ന് ഇലിപ്പുലിക്കാട് ഭാഗത്തേക്കുള്ള റോഡിൽ മുള്ളൻകുഴി ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. 2018 ലെ പ്രളയകാലത്ത് തകർന്നുതുടങ്ങിയ കൽക്കെട്ട് ഓരോദിവസം കഴിയുന്തോറും കൂടുതൽ അപകടാവസ്ഥയിലാവുകയാണ്. ചതുപ്പുനിലത്ത് മണ്ണ് ഇട്ട് ഉയർത്തി നിർമ്മിച്ച റോഡ് സംരക്ഷണഭിത്തിയുടെ ബലത്തിലാണ് ഇതുവരെ നിലനിന്നത്. നഗരസഭയുടെ അധീനതയിലുള്ള റോഡായതുകൊണ്ട് നിരവധി നിവേദനങ്ങൾ കൊടുത്തിട്ടും തിരിഞ്ഞുനോക്കുന്നില്ല. വാർഡു സഭയിൽ വിഷയം പലതവണ ചർച്ചചെയ്യുകയും റോഡും സംരക്ഷണഭിത്തിയും നന്നാക്കാൻ തീരുമാനം എടുക്കുകയും ചെയ്തെങ്കിലും തുടർനടപടി ഉണ്ടായില്ല. അതിനിടെ വീണ്ടുമൊരു വെള്ളപ്പൊക്കം കൂടി കടന്നുപോയി. റോഡ് കൂടുതൽ ദുർബലാവസ്ഥയിലുമായി. ഭാരവണ്ടികൾ ഉൾപ്പെടെ ദിവസവും നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതാണ്.ചതുപ്പ് നിലത്ത് മണ്ണിട്ട് ഉയർത്തി നിർമ്മിച്ച റോഡായതുകൊണ്ട് സംരക്ഷണഭിത്തി തകർന്നാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതികളിൽ ഉൾപ്പെടുത്തി അടിയന്തിരമായി പ്രശ്നംപരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.