കോട്ടയം: പൊലീസ് കസ്റ്റഡിയിൽ മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട മോഷണക്കേസ് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. രാമങ്കരി ചിറയിൽ സണ്ണിയാണ് (60) ആണ് ഇന്നലെ രാവിലെ എട്ട് മണിയോടെയോടെ രക്ഷപ്പെട്ടത്. പ്രതിക്ക് കാവൽ നിന്നിരുന്ന മൂന്ന് പൊലീസുകാരെ ജില്ലാ പൊലീസ് ചീഫ് സസ്പെൻഡ് ചെയ്തിരുന്നു. പ്രതി എത്താൽ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് തെരച്ചിൽ നടത്തി.
ചായ കുടിക്കാനായി പുറത്തിറങ്ങിയ സണ്ണി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് സമീപത്തെ കാട്ടിലേയ്ക്കു ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണക്കേസിൽ പൊൻകുന്നം സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മൂന്നു മാസം മുമ്പാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാലാം വാർഡിൽ കഴിയുകയായിരുന്നു പ്രതി. മാനസിക അസ്വാസ്ഥ്യമുള്ള രോഗിയാണെങ്കിലും അക്രമ സ്വഭാവം കാണിക്കാത്തതിനാൽ ഇയാളെ ബന്ധിക്കാറില്ലായിരുന്നു. എന്നാൽ പൊലീസ് കാവലിലാണ് ആശുപത്രിയിൽ ഇയാൾ കഴിഞ്ഞിരുന്നത്. സംഭവത്തിൽ പൊലീസുകാരുടെ വീഴ്ച സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഹരിപ്രസാദ് , മനീഷ്, ജയപ്രസാദ് എന്നിവരാണ് സസ്പെൻഷനിലായത്.