കോട്ടയം: ഇടുക്കി വട്ടവടയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ 25 ദിവസം പ്രായമുള്ള കുട്ടിയുടെ ജഡം പുറത്തെടുത്തുവെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ സംഘം എത്താതിരുന്നതിനാൽ പോസ്റ്റുമോർട്ടം മുടങ്ങി. അതേസമയം ഇന്ന് പോസ്റ്റുമോർട്ടം നടക്കുമെന്ന് ദേവികുളം പൊലീസ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കുട്ടിയുടെ ജഡം. സങ്കീർണമായ കേസായതിനാൽ അഞ്ച് വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം പോസ്റ്റുമോർട്ടം നടത്തേണ്ടതുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട വിവരം പുറംലോകം അറിഞ്ഞത്. വിശ്വലക്ഷ്മി-തിരുമൂർത്തി ദമ്പതികളുടെ മകളുടെ മൃതദേഹമാണ് വീട്ടുകാർ ആരുമറിയാതെ കുഴിച്ചിട്ടത്. ഇതോടെ കൊലപാതകമാണെന്ന് നാട്ടിൽ വാർത്ത പരക്കുകയായിരുന്നു. ഇതിനിടെ വിശ്വലക്ഷ്മിയുടെ ഭർത്താവ് തിരുമൂർത്തി തന്നെ മകളുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ദേവികുളം പൊലീസിൽ പരാതി നല്കിയിരുന്നു. ഇവരുടെ ഒരു ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ദേവികുളം ആർ.ഡി.ഒയുടെ നേതൃത്വത്തിലാണ് ശിശുവിന്റെ ജഡം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് മാതാവ് വിശ്വലക്ഷ്മി പൊലീസിനോട് പറഞ്ഞത്.