rd

ചങ്ങനാശേരി: ടാറിന്റെ അംശംപോലുമില്ല. നടുവൊടിയുന്ന കാര്യം തീർച്ച. തൃക്കൊടിത്താനം പഞ്ചായത്തിലെ 5,6 വാര്‍ഡുകള്‍ക്ക് മധ്യത്തിലൂടെയുള്ള ചക്രാത്തിക്കുന്ന് ഹെല്‍ത്ത് സെന്ററിനു സമീപത്തെ റോഡിന്റെ അവസ്ഥ അത്രയ്ക്ക് ദയനീയമാണ്. റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നു. കുത്തനെ ഇറക്കത്തിലുള്ള റോഡാണിത്. പ്രദേശത്തെ നൂറിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. റോഡ് കുളമായതോടെ പ്രദേശവാസികൾ അധികൃതരോട് പരാതി പറഞ്ഞു മടുത്തു.

സമീപത്തെ പ്രാഥമികാശുപത്രിയിലേക്കു പോകുന്നതിനും പ്രദേശവാസികൾ ഈ റോഡാണ് ഉപയോഗിക്കുന്നത്. ടാറിങ്ങ് ഇളകിയതോടെ ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുന്നതും പതിവാണ്. വാഹനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിക്കുന്നതായും പരാതിയുണ്ട്. കാല്‍നടയാത്രപോലും ദുഷ്‌കരമാണ്. വാഹനങ്ങളില്‍ നിന്നു വീണു യാത്രക്കാര്‍ക്കും പരിക്ക് പതിവാണ്. റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.