കിടങ്ങൂർ: ഏതു ദുരന്തമുണ്ടായാലും മറ്റുള്ളവരെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള പ്രാഥമിക പരിശീലനം പുതു തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടത് മുതിർന്ന സമൂഹത്തിന്റെ ബാദ്ധ്യതയാണെന്ന് പാലാ ഫയർ സ്റ്റേഷൻ ഓഫീസർ കെ. ആർ. ഷാജിമോൻ പറഞ്ഞു. ഒരു ദുരന്ത സ്ഥലത്ത് ഫയർഫോഴ്‌സ് എത്തും മുമ്പേ, പരിശീലനം ലഭിച്ച ഒരാൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനാകും. കേരളകൗമുദിയും പാലാ ഫയർഫോഴ്‌സും സംയുക്തമായി കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച അഗ്‌നി സുരക്ഷാ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീപിടിത്തം, വിഷവാതകചോർച്ച, ഇടിമിന്നൽ, കിണർ വൃത്തിയാക്കൽ, എൽ.പി.ജി. ചോർച്ച തുടങ്ങിയ അതിപ്രധാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധയും, ശാസ്ത്രീയമായ അവബോധവും വേണം. ഇത്തരം കാര്യങ്ങളിൽ പരിശീലനം കൊടുക്കുന്ന പരിപാടിയിൽ സഹകരിക്കുക വഴി 'കേരള കൗമുദി ' ദിനപത്രത്തിന്റെ സാമൂഹിക പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടതായും ഷാജിമോൻ പറഞ്ഞു.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് കെ.എസ്. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. പാലാ ലേഖകൻ സുനിൽ പാലാ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കെ.പി. അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. പാലാ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ കെ. എസ്. ബിജു, വി. അനീഷ് കുമാർ എന്നിവർ ക്ലാസെടുത്തു. അദ്ധ്യാപകരായ ബിനു എസ്. നായർ സ്വാഗതവും പി. രാധാകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. എൽ.പി.ജി. ഗ്യാസിന് തീപിടിച്ചാൽ ചെയ്യേണ്ട രക്ഷാപ്രവർത്തനം മുതൽ വിവിധ ആപത്ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മാർഗ്ഗങ്ങളെ കുറിച്ച് ഡമോൺസ്‌ട്രേഷനും ഉണ്ടായിരുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.എം. നിസ്സാമുദ്ദീൻ, കെ.കെ. മനോജ് എന്നിവരും പരിപാടികൾക്കു നേതൃത്വം നൽകി. അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.