കിടങ്ങൂർ : ഇനി ഗ്യാസ് കുറ്റിക്കു തീപിടിച്ചാൽ, കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ അടുത്തുണ്ടെങ്കിൽ അവരത് പുഷ്പം പോലെ കെടുത്തും ! ഇതിനുള്ള പ്രാഥമിക പരിശീലനം പാലാ ഫയർഫോഴ്‌സിൽ നിന്നും ഇവർക്കു കിട്ടിക്കഴിഞ്ഞു. 'കേരള കൗമുദി'യും പാലാ ഫയർഫോഴ്‌സും ചേർന്ന് കിടങ്ങൂർ എൻ.എസ്.എസ്. സ്‌കൂളിൽ നടത്തിയ അഗ്‌നി സുരക്ഷാ ബോധവത്കരണ സെമിനാറിന്റെ ഭാഗമായിരുന്നൂ ഈ പ്രായോഗിക പരിശീലനം. ' പാചക വാതകത്തിനു തീപ്പിടിച്ചതായി കണ്ടാൽ പരിഭ്രമിക്കരുത്. പെട്ടെന്നൊരു ചണച്ചാക്ക് വെള്ളത്തിൽ മുക്കിയെടുക്കുക. രണ്ടു വശങ്ങളിൽ നിന്നായി കുറ്റിയെ പുതപ്പിക്കുക. തീ ഉടൻ കെടും. ഉടൻ നമുക്ക് ട്യൂബും ഓഫാക്കാൻ പറ്റും' ' പാലാ ഫയർ സ്റ്റേഷൻ ഓഫീസർ കെ. ആർ. ഷാജിമോനും ഉദ്യോഗസ്ഥരായ കെ.എസ്. ബിജുവും, വി. അനീഷ് കുമാറും വിദ്യാർത്ഥികളോടു പറഞ്ഞു. പിന്നീട് ഒരു എൽ.പി.ജി കുറ്റി തുറന്നു വിട്ട് തീ കൊളുത്തി, അത് ഉടനടി കെടുത്തുന്ന വിധവും കാണിച്ചു കൊടുത്തു. തുടർന്ന് വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച് പ്രായോഗിക പരിശീലനവും നൽകി. ആദ്യമൊക്കെ അൽപ്പം പേടിയോടെ നിന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പിന്നീട് പക്ഷേ, തീപിടിച്ച പാചക വാതക കുറ്റി ഞൊടിയിടയിൽ ചാക്കൂ ചുറ്റി കെടുത്തി തങ്ങളുടെ കഴിവ് തെളിയിച്ചപ്പോൾ പരിശീലിപ്പിച്ച ഫയർഫോഴ്‌സ് സംഘത്തിനും സന്തോഷം. വിദ്യാർത്ഥികൾക്കു മാത്രമല്ല, വീട്ടമ്മമാർ കൂടിയായ അദ്ധ്യാപികമാർക്കും, തീപിടിച്ച ഗ്യാസ് കുറ്റി കെടുത്താൻ ലഭിച്ച പരിശീലനം ഏറെ പ്രയോജനകരമായി.
രാസവസ്തുക്കൾ, പാചകവാതകം, പെട്രോൾ, തുടങ്ങി വിവിധ തരത്തിലുണ്ടാകുന്ന തീപിടിത്തങ്ങൾ കെടുത്താൻ ഫയർഫോഴ്‌സ് സംഘം ഉപയോഗിക്കുന്ന വ്യത്യസ്ത മാർഗങ്ങൾ ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ, സാഹചര്യങ്ങൾ, അവയ്ക്ക് ഓരോന്നിനും ഞൊടിയിടയിൽ ചെയ്യേണ്ട പ്രതിവിധികൾ, ഫയർഫോഴ്‌സ് എത്തും മുമ്പ് ചെയ്യേണ്ട ക്രമീകരണങ്ങൾ എന്നിവ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ വി. അനീഷ് കുമാർ വിദ്യാർത്ഥികൾക്കു വിശദമായി പറഞ്ഞു കൊടുത്തു. തീപിടിത്തത്തിന്റെ സാഹചര്യങ്ങൾ, ജലാശയ അപകടങ്ങൾ, കിണറ്റിലുണ്ടാക്കുന്ന അപകടങ്ങൾ, ബഹുനില കെട്ടിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ, മരത്തിൽ കയറി കുടുങ്ങിപ്പോകുന്ന അവസ്ഥ എന്നിവയെല്ലാം ചൂണ്ടിക്കാട്ടി, അവിടെ നിന്നെല്ലാം രക്ഷപ്പെടാനുള്ള പ്രാഥമിക പാഠങ്ങളും ഫയർഫോഴ്‌സ് സംഘം കുട്ടികൾക്കു മുന്നിൽ വിശദീകരിച്ചു . അപകടവേളകളിൽ മൊബൈലിൽ ചിത്രീകരിച്ച് കാഴ്ചക്കാരായി നിൽക്കാതെ സ്വയം രക്ഷാപ്രവർത്തകരായി മാറേണ്ട ബാദ്ധ്യത സമൂഹത്തിലെ ഓരോ അംഗങ്ങൾക്കുമുണ്ടെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പാലാ സ്റ്റേഷൻ ഓഫീസർ കെ. ആർ. ഷാജിമോന്റെ നേതൃത്വത്തിലായിരുന്നൂ ബോധവത്കരണ സെമിനാറും പരിശീലന പരിപാടികളും.