കോട്ടയം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതിനെത്തുടർന്ന് അടിയന്തര സാഹചര്യം നേരിടുന്നതിന് കോട്ടയം ജില്ല സജ്ജമായതായി ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു. ജില്ലയ്ക്ക് ഇന്നലെ റെഡ് അലർട്ടും ഇന്നും നാളെയും ഓറഞ്ച് അലർട്ടുമാണ് നൽകിയിട്ടുള്ളത്.

പ്രകൃതി ദുരന്തം നേരിടുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മുൻകരുതൽ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
കളക്ടറേറ്റിലും താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് തഹസിൽദാർമാർക്ക് നിർദേശം നൽകി. ശക്തമായ മഴ തുടർന്നാൽ ദുരന്ത സാദ്ധ്യതാ മേഖലകളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

അഗ്‌നിശമന സേന, പൊലീസ്, പൊതുമരാമത്ത്, ആരോഗ്യം, ഗതാഗതം, ജലസേചനം തുടങ്ങിയ വകുപ്പുകളിലെയും കെ.എസ്.ഇ.ബിയിലെയും ഉദ്യോഗസ്ഥർ ജനങ്ങൾക്ക് അടിയന്തര സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും.

ബന്ധപ്പെടാം

കളക്ട്രേറ്റ് കൺട്രോൾ റൂം:

0481 2304800, 9446562236
ടോൾഫ്രീ നമ്പർ: 1077
കോട്ടയം താലൂക്ക്: 0481 2568007
ചങ്ങനാശ്ശേരി : 04812420037
മീനച്ചിൽ : 048222 12325
വൈക്കം: 04829231331
കാഞ്ഞിരപ്പള്ളി: 04828 202331

പൊതുജനങ്ങൾ ശ്രദ്ധിക്കാൻ

പ്രളയസാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ എമർജൻസി കിറ്റ് കരുതണം.

അധികൃതർ ആവശ്യപ്പെട്ടാൽ മാറി താമസിക്കുന്നതിന് സജ്ജമാവണം.

ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളി‌ടങ്ങളിൽ രാത്രിയിലെ യാത്ര ഒഴിവാക്കണം.

ജലനിരപ്പ് ഉയരാമെന്നതിനാൽ ജലാശയങ്ങളിൽ ഇപ്പോൾ ഇറങ്ങരുത്

മഴയുള്ളപ്പോൾ മലയോരമേഖലകളിൽ വിനോദ സഞ്ചാരം നടത്തരുത്

സമൂഹമാദ്ധ്യമങ്ങളിൽവരുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്

ടി.വി, റേഡിയോ, പത്രങ്ങൾ തുടങ്ങിയവയിലെ മുന്നറിയിപ്പ് ശ്രദ്ധിക്കണം.

ശാരീരിക ബുദ്ധിമുട്ടുള്ളവരെ മാറ്റുന്നതിന് അധികൃതർ സഹായിക്കും

ഖനനം നിരോധിച്ചു

ജില്ലയിൽ എല്ലാ വിധത്തിലുമുള്ള ഖനന പ്രവർത്തനങ്ങൾ 24 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവായി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലയിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ ഖനനം മൂലമുള്ള ദുരന്തസാധ്യത ഒഴിവാക്കുന്നതിനാണ് നടപടി.