vellakettu

വൈക്കം : കനത്ത മഴയിൽ മഹാദേവ ക്ഷേത്രം വെള്ളക്കെട്ടിലായത് ഭക്തരെ ദുരിതത്തിലാക്കി.
ഇന്നലെ പുലർച്ചെ മുതൽ പെയ്ത മഴ ഏട്ടേക്കർ വരുന്ന ക്ഷേത്രവളപ്പിൽ കനത്ത രീതിയിലുള്ള വെള്ളക്കെട്ടാണ് ഉണ്ടാക്കിയത്. നാലമ്പലത്തിനകത്തും വെള്ളം നിറഞ്ഞു. പടിഞ്ഞാറെ ഗോപുര നടയിൽ മുട്ട​റ്റം വരെ ഉയർന്ന വെള്ളം നീന്തിയാണ് ഭക്തർ ക്ഷേത്ര ദർശനത്തിയത്. ക്ഷേത്രത്തിൽ കുടി കിടക്കുന്ന മാലിന്യങ്ങൾ വെള്ളത്തിലുടെ ഒഴുകുന്നത് പകർച്ച വ്യാധി ഉണ്ടാകുവാനും ഇടയാക്കും. ചു​റ്റുമതിലിന്റെ പല ഭാഗത്തും വിള്ളൽ വീണു പുറത്തേക്ക് വെള്ളം ഒഴുകുന്നു. പടിഞ്ഞാറെ ഗോപുരം മുതൽ തെക്കു ഭാഗത്ത് വളവ് തിരിയുന്നതുവരെ 35 സ്ഥലത്ത് ചെറുതും വലതുമായ വിള്ളൽ വീണ് പുറത്തേക്ക് വെള്ളം ഒഴുകുന്നുണ്ട്. ഇത് ക്ഷേത്രമതിലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ മണൽ ഇറക്കിയിട്ട് വർഷങ്ങളായി വിരിച്ചിരുന്ന മണൽ ക്ഷേത്രത്തിലെ അ​റ്റകു​റ്റ പണികൾക്കായി എടുത്തിരുന്നതായി പരാതിയുണ്ട്. മണൽ വിരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടു നാളെറെയായെങ്കിലും അഷ്ടമി പടിവാതില്ക്കൽ എത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അവിടവിടെ കൂടികിടക്കുന്ന മണൽ നിരത്തണമെന്ന് ആവശ്യവും മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യവും നടപ്പായില്ല. അഷ്ടമിക്ക് മുന്നോടിയായി നടക്കേണ്ട അ​റ്റകു​റ്റപണികൾ ഇതുവരെ തുടങ്ങിയിട്ടില്ല ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേ​റ്റാൻ വേണ്ടത്ര സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല.