കോട്ടയം: പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റിനിടെ സംഘാടകരുടെ പിഴവ് മൂലം ഹാമർ തലയിൽ പതിച്ച് രണ്ടാഴ്ചയായി മരണത്തോട് മല്ലിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരണമടഞ്ഞു.
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയും മേലുകാവ് ചൊവ്വൂർ കുറിഞ്ഞംകുളം ജോൺസൺ ജോർജ് - ഡാർലി ദമ്പതികളുടെ ഏക മകനുമായ അഫീലാണ് (16) മരിച്ചത്. ഇന്നലെ വൈകിട്ട് 3.45ഓടെയായിരുന്നു അന്ത്യം.
കഴിഞ്ഞ നാലിനായിരുന്നു അപകടമുണ്ടായത്. ജില്ലാ അത്‌ലറ്റിക് അസോസിയേഷനായിരുന്നു സംഘാടകർ. ഹാമർ, ജാവലിൻ ത്രോ മത്സരങ്ങൾ കൃത്യമായ അകലം പാലിക്കാതെ ഒരേ സമയം നടത്തിയതാണ് അപകടത്തിന് കാരണമായത്.
18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹാമർത്രോ മത്സരം നടക്കുന്നതിനിടെ ജാവലിൻ മത്സരങ്ങളിലെ വോളന്റിയറായിരുന്ന അഫീൽ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്ക് നീങ്ങിയപ്പോൾ നെറ്റിക്ക് മുകളിലായി ഹാമർ പതിക്കുകയായിരുന്നു. മൂന്ന് കിലോയുള്ള ഹാമർ 35 മീറ്ററോളം അകലെ നിന്ന് പാഞ്ഞുവന്ന് പതിച്ചതോടെ അഫീൽ ബോധമറ്റു വീണു. ഹാമറിന്റെ അത്രയും വ്യാസത്തിൽ തലയോട്ടി തകർന്ന് തലച്ചോറിലേക്ക് കുഴിഞ്ഞു. ആദ്യം പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും സർക്കാർ നിർദ്ദേശപ്രകാരം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഇടയ്ക്ക് ജീവിതത്തിലേക്കു തിരികെ വരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും അടുത്ത ദിവസങ്ങളിൽ ആരോഗ്യ സ്ഥിതി വഷളായി. ഇരുവൃക്കകളും തകരാറിലായതോടെ ഡയാലിസിസിനും വിധേയനാക്കി. ന്യുമോണിയ കൂടി ബാധിച്ചതോടെ ഇന്നലെ അഫീൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.സംസ്കാരം നാളെ വൈകിട്ട് ചൊവ്വൂർ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.