mg-university-info

കോട്ടയം: എം.ജി സർവകലാശാലയിലെ മാർക്ക് ദാനത്തെ ന്യായീകരിച്ച് വൈസ് ചാൻസലർ ഡോ. സാബുതോമസ് ചാൻസലറായ ഗവർണർക്ക് റിപ്പോർട്ട് നൽകിയതോടെ, ഗവർണറുടെ തീരുമാനം നിർണായകമായി. രജിസ്ട്രാർ സാബുക്കുട്ടനും സിൻഡിക്കേറ്റ് നടപടി ന്യായീകരിച്ചാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് മറുപടി നൽകിയത്. സർക്കാർ നടപടിക്ക് സാദ്ധ്യത കുറവാണെങ്കിലും മാർക്ക് ദാനം റദ്ദാക്കാനുള്ള നിർദ്ദേശം ഗവർണറിൽ നിന്നുണ്ടാകുമോയന്ന ആശങ്കയിലാണ് സർവകലാശാലാ അധികൃതർ.

മാർക്ക് ദാനത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് ഗവർണർ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടത്. അഞ്ചു മാർക്ക് കൂട്ടി നൽകിയത് മാർക്ക് ദാനമല്ല, മോഡറേഷനാണെന്നും തീരുമാനം സിൻഡിക്കേറ്റ് യോഗമെടുത്തതിനാൽ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് പങ്കില്ലെന്നുമുള്ള മറുപടിയാണ് വി.സി നൽകിയത്. ഇത്തരം നയപരമായ തീരുമാനമെടുക്കാൻ സിൻഡിക്കേറ്റിന് അധികാരമുണ്ടെന്നും മറ്റു സർവകലാശാലകൾ ഇങ്ങനെ മോഡറേഷൻ നൽകിയിട്ടുണ്ടെന്നും ഉദാഹരണസഹിതമുള്ള മറുപടിയാണ് വി.സിയുടേത്. അഞ്ച് മാർക്ക് അധിക മോഡറേഷൻ നൽകിയതിന്റെ വിശദീകരണമാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രജിസ്ട്രാറോട് ചോദിച്ചിട്ടുള്ളത്.

സിൻഡിക്കേറ്റംഗത്തിന്റെ ബന്ധുവായ കുട്ടിക്ക് ബി.ടെക്കിൽ തോറ്റ വിഷയത്തിന് ഒരു മാർക്ക് കൂട്ടി നൽകാനുള്ള ഫയൽ അദാലത്തിലെ തീരുമാനം നിയമാനുസൃതമല്ലെന്ന് സർവകലാശാലാ സെക്‌ഷനിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയതോടെ, അത് അക്കാഡമിക് കൗൺസിലിന് വിട്ടിരുന്നു. കൗൺസിൽ ഇതു വരെ കൂടിയിട്ടില്ല. അതിനിടയിലാണ് സിൻഡിക്കേറ്റ് യോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള ഇനമായി അഞ്ച് മാർക്ക് നൽകാൻ തീരുമാനമെടുത്തത്.

അതേസമയം, മാർക്ക് ദാനത്തിനെതിരെ എം.ജി സർവകലാശാലയ്ക്കു മുന്നിലുള്ള പ്രക്ഷോഭം ശക്തമാവുകയാണ്. ഇന്നലെ കെ.എസ്.യു മാർച്ച് ലാത്തിച്ചാർജിലാണ് അവസാനിച്ചത്. വി.സിയുടെയും ചില സിൻഡിക്കേറ്റംഗങ്ങളുടെയും സുരക്ഷയും ശക്തമാക്കി. സർവകലാശാലയിലെ പ്രതിപക്ഷ സംഘടനയും പ്രക്ഷോഭത്തിനിറങ്ങി.