കോട്ടയം: മൂന്ന് കിലോയുള്ള ഹാമർ തലയിൽ പതിച്ച് അഫീൽ ഗുരുതരാവസ്ഥയിലായപ്പോഴും സംഘാടകരായ
ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ കാട്ടിയത് മനഃസാക്ഷിയെ പോലും ഞെട്ടിക്കുന്ന കൊടുംക്രൂരത. അഫീൽ ആശുപത്രിയിൽ എത്തും മുൻപ് അവന്റെ ചോരപുരണ്ട ഹാമർ യാതൊരു മനസലിവുമില്ലാതെ കഴുകിയെടുത്ത് സംഘാടകർ മത്സരം തുടർന്നു.
വിങ്ങുന്ന മനസുമായി അഫീലിന്റെ സുഹൃത്തുക്കൾ ഗ്രൗണ്ടിൽ നിൽക്കുമ്പോഴായിരുന്നു ഇത്.
അഫീലിനെ കുറ്റപ്പെടുത്താനും സംഘാടകർ ശ്രമിച്ചു.
ഹാമർ പൊലീസിന് തെളിവെടുപ്പിനായി നൽകണമെന്ന് പോലും ഒാർക്കാതെ കഴുകിയെടുത്ത് അതേ മത്സരാർത്ഥിക്ക് വീണ്ടും എറിയാനായി നൽകി. ഈ ഹാമർ വച്ച് എറിഞ്ഞ അടുത്ത ത്രോ മികച്ച ദൂരം പിന്നിടുകയും ചെയ്തു. പിന്നീട് എതിർപ്പ് ഉയർന്നതോടെയാണ് ഒരു റൗണ്ടിന് ശേഷം മത്സരം നിറുത്തിവച്ചത്.
കായിക ഇനങ്ങളോട് അത്രമേൽ ഇഷ്ടമുള്ളതുകൊണ്ടാണ് വോളന്റിയറായി പൊരിവെയിലത്ത് നിൽക്കാനായി അഫീൽ എത്തിയത്. കായികാദ്ധ്യാപകരുടെ ചട്ടപ്പടിസമരം നടക്കുന്നതിനാൽ അഫീൽ അടക്കമുള്ള വിദ്യാർത്ഥികളെ പോയിന്റ് എഴുതാനും ദൂരം അളക്കാനുമൊക്കെ നിയോഗിച്ചു. ജാവലിൻ, ഹാമർത്രോ മത്സരങ്ങൾ അടുത്തടുത്ത് നടത്തരുതെന്നാണ് കായികവകുപ്പിന്റെ ചട്ടം. ഒരേസമയം നടത്തുകയാണെങ്കിൽ കൃത്യമായ അകലം പാലിച്ചിരിക്കണമെന്നും കർശന നിർദ്ദേശമുണ്ട്. എന്നാൽ സംഘാടകർ ഇതെല്ലാം അവഗണിച്ചു. തങ്ങളുടെ പിഴവാണ് അപകട കാരണമെന്ന് വ്യക്തമായതോടെ അഫീൽ വോളന്റിയറല്ല, കാഴ്ചക്കാരനായി എത്തിയതാണെന്നായി സംഘാടകർ. എന്നാൽ, മത്സരം നടക്കുമ്പോൾ സ്‌റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധാരണ വിദ്യാർത്ഥിക്ക് എങ്ങനെ കഴിഞ്ഞെന്ന ചോദ്യമുണ്ടായതോടെ അത് വിഴുങ്ങി. പെൺകുട്ടി റെക്കാഡ് ദൂരത്തിൽ ഹാമർ എറിഞ്ഞതുകൊണ്ടാണ് അപകടമുണ്ടായതെന്ന വിചിത്രന്യായവും സർക്കാർ നിയോഗിച്ച സമിതിയുടെ തെളിവെടുപ്പിൽ അവർ നിരത്തി.