കോട്ടയം : നാടകാചാര്യൻ എൻ എൻ പിള്ളയുടെ ഒരു വർഷം നീണ്ട ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ആത്മയുടെ നേതൃത്വത്തിൽ നടത്തുന്ന നാട്യം 2019 ന്റെ ഭാഗമായുള്ള അഖില കേരള ഏകാങ്ക നാടക രചനയ്ക്കും നാടക അവതരണ മത്സരത്തിനുമുള്ള അപേക്ഷ ക്ഷണിച്ചു.
സ്വതന്ത്ര പ്രമേയങ്ങളെ ആധാരമാക്കിയുള്ള ഏകാങ്ക നാടക രചനകളുടെ കയ്യെഴുത്ത് /ടൈപ്പ്ഡ് കോപ്പി സമർപ്പിക്കാം. രചയിതാവിന്റെ പേരും പൂർണ്ണ വിലാസവും മൊബൈൽ നമ്പരും പ്രത്യേകമായി ചേർക്കണം. ഏകാങ്ക നാടക അവതരണത്തിന് എൻ എൻ പിള്ളയുടെ രചനകളെയാണ് അവലംബിക്കേണ്ടത്. കോളേജ് / യൂണിവേഴ്‌സിറ്റി ടീമുകൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് യാത്രപ്പടി, ഭക്ഷണം എന്നിവ കൂടാതെ മികച്ച അവതരണത്തിന് യഥാക്രമം 25,000, 20,000, 15,000 രൂപയുടെ എൻ എൻ പിള്ള ജന്മശതാബ്ദി ക്യാഷ്അവാർഡും ഫലകവും സാക്ഷ്യപത്രവും നൽകും. മികച്ച സംവിധായകൻ നടൻ, നടി എന്നിവർക്കും അവാർഡുണ്ട്. അവതരണത്തിനായി സമിതികൾ തിരഞ്ഞെടുക്കുന്ന എൻ.എൻ. പിള്ളയുടെ ഏകാങ്ക നാടകത്തിന്റെ പേര്, സമിതിയുടെയും അഭിനേതാക്കളുടെയും വിശദാംശങ്ങൾ, പൂർണ്ണ വിലാസം എന്നിവ സഹിതം സെക്രട്ടറി, ആത്മ, ആർട്ടിസ്റ്റ് കേശവൻ സ്മാരക കലാമന്ദിരം, കോട്ടയം വെസ്റ്റ് പി ഓ, കോട്ടയം - 686003 എന്ന വിലാസത്തിൽ നവംബർ 31 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിനു സി ശേഖർ, ജോ. സെക്രട്ടറി (9496223511)
നാട്യം 2019 ന്റെ ഭാഗമായി പ്രൊഫഷണൽ നാടക മേള, നാടക കളരി, സെമിനാർ, എൻ എൻ പിള്ളയോട് ചേർന്ന് പ്രവർത്തിച്ചവരുടെ സൗഹൃദ കൂട്ടായ്മ, ഒളശയിലെ സ്മൃതിമണ്ഡപത്തിൽ നിന്നും കാസർകോട് എൻ.എൻ. പിള്ള സ്മാരകത്തിലേയ്ക്കുള്ള ദീപശിഖ പ്രയാണം തുടങ്ങിയ പരിപാടികളാണ് നവംബർ ഡിസംബർ മാസങ്ങളിൽ അരങ്ങേറുക എന്ന് ആത്മ പ്രസിഡന്റ് കലാരത്‌നം ആർട്ടിസ്റ്റ് സുജാതനും സെക്രട്ടറി ബിനോയി വേളൂരും അറിയിച്ചു.