പൊൻകുന്നം:കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കൊട്ടാരം ബേക്കറിയിൽനിന്നും ഫിഷ്പായ്ക്ക് എന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാഞ്ഞിരപ്പള്ളിയിലെ കൊട്ടാരം ബേക്കറിയുടെ ബോർമ്മ ഭക്ഷ്യസുരക്ഷാവകുപ്പ് അടച്ചുപൂട്ടിച്ചു. മൂന്നുദിവസത്തേക്ക് പ്രവർത്തനം നിറുത്തിവെയ്ക്കാനാണ് നോട്ടീസ് നൽകിയത്. പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കൊട്ടാരം ബേക്കറിയുടെ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, കൊടുങ്ങൂർ എന്നിവിടങ്ങളിലെ ബേക്കറികളിൽ നിന്ന് ഫിഷ്പായ്ക്ക് കഴിച്ചവർക്കാണ് രോഗബാധയുണ്ടായത്. ഇവയെല്ലാം കാഞ്ഞിരപ്പള്ളിയിലെ ഇവരുടെ ബോർമയിൽ തന്നെ തയ്യാറാക്കി വിതരണം ചെയ്തതാണ്. ഭക്ഷ്യസുരക്ഷാവകുപ്പിനൊപ്പം ആരോഗ്യവകുപ്പ് അധികൃതരും പരിശോധനക്കുണ്ടായിരുന്നു. ഭക്ഷണത്തിന്റെ സാമ്പിൾ ബേക്കറികളിൽ നിന്നും കണ്ടെത്താനായിട്ടില്ല.
വിഷബാധയ്ക്ക് കാരണമായ ഫിഷ് പായ്ക്ക് വിറ്റുപോയതിനാൽ സാമ്പിൾ ലഭിച്ചില്ല എങ്കിലും ബോർമയുടെ പ്രവർത്തനം താത്കാലികമായി നിറുത്തി വെയ്ക്കാൻ നോട്ടീസ് നൽകിയതായി ഭക്ഷ്യ സുരക്ഷാവകുപ്പ് കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫീസർ എം.ടി. ബേബിച്ചൻ പറഞ്ഞു. ബേക്കറിയുടെ വിവിധ ശാഖകളിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിൽ വിൽപ്പന നടത്തിയ ഫിഷ് പായ്ക്കിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നുമാണ് സൂചനയെന്ന് ബേബിച്ചൻ പറഞ്ഞു.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി അമ്പതോളം പേർ ഭക്ഷ്യവിഷബാധമൂലം ചികിത്സ തേടിയിട്ടുണ്ട്. ഇവർക്കെല്ലാം ഛർദി, വയറിളക്കം, തലകറക്കം, തളർച്ച തുടങ്ങിയ ലക്ഷണങ്ങളാണുണ്ടായത്.
പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിൽ 31 പേർ എത്തിയിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടി മടങ്ങിയവരാണ് മറ്റുള്ളവർ.
രോഗബാധയുണ്ടായവർക്ക് ഉടനടി തന്നെ ആശുപത്രികളിൽ ആന്റിബയോട്ടിക് നൽകിയതിനാൽ രക്തപരിശോധനയിൽ നിന്നും തെളിവുകൾ ലഭിക്കാനിടയില്ല. എന്നാൽ ഇന്നലെ രാവിലെ ചികിത്സ തേടിയെത്തിയവരുടെ രക്തസാമ്പിളുകൾ പരിശോധനയെക്കെടുത്തിട്ടുണ്ട്. ഇവയുടെ ലാബ് പരിശോധനയിൽ നിന്ന് ഏതുതരത്തിലുള്ള വിഷബാധയെന്ന് കണ്ടെത്താനാവുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞത്.

സ്റ്റോപ്പ് മെമ്മോ നൽകി

പൊൻകുന്നം: ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് കൊട്ടാരം ബേക്കറിയുടെ പൊൻകുന്നത്തെ കടകൾക്ക് ചിറക്കടവ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. ചിറക്കടവ് പഞ്ചായത്ത് പരിധിയിൽ ഇവരുടെ മൂന്ന് കടയാണുള്ളത്. ഇടയിരിക്കപ്പുഴ ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷമാണ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയത്. ഉടമയ്ക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ മൂന്നുദിവസത്തിനകം അറിയിക്കാനാണ് നിർദേശം. ചിറക്കടവ് ഗ്രാമപ്പഞ്ചായത്തംഗവും എ.ഐ.വൈ.എഫ്.കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ പി.പ്രജിത്ത് കൊട്ടാരം ബേക്കറിക്കും റസ്റ്റോറന്റിനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു