afeel

കോട്ടയം: അഫീൽ ജോൺസൺ മരിച്ച സംഭവത്തിൽ പൊലീസ് വകുപ്പുകൾ മാറും. അപകടമുണ്ടായപ്പോൾ സംഘാട‌കർക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ് എടുത്തിരുന്നത്. ഇത് മാറ്റി മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുക്കും. ഇത് ജാമ്യമില്ലാത്ത കുറ്റമാണ്. എന്നാൽ ജാമ്യം നൽകണോ വേണ്ടയോ എന്നത് അന്വേഷണത്തിലൂടെ മാത്രമേ തീരുമാനിക്കാൻ സാധിക്കൂ എന്നാണ് പൊലീസ് നിലപാട്. അപകടമുണ്ടായ ഒക്‌ടോബർ നാലിന് പൊലീസ് ഇട്ട എഫ്.ഐ.ആറിലും മാറ്റമുണ്ടാകും. അഫീൽ മരിച്ചതോടെ അന്വേഷണം ഇൻസ്‌പെക്‌ടർ ഗ്രേഡിലുള്ള ഓഫീസർ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി പാലാ എസ്.എച്ച്.ഒ വി.എ. സുരേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. ഇദ്ദേഹം നേരിട്ടാണ് ഇൻക്വസ്റ്റ് നടത്തിയത്. സാധാരണ പോസ്റ്റ്മോ‌ർട്ടം ദിവസമാണ് ഇൻക്വസ്റ്റ് നടപടികൾ ഉണ്ടാകുന്നത്. എന്നാൽ, സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടത്തിനു മുൻപ് തന്നെ ഇൻക്വസ്റ്റ് നടത്താൻ അനുവാദം നൽകുകയായിരുന്നു. ഇനി കായിക മേള സംഘാടകരെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നും എസ്.എച്ച്.ഒ അറിയിച്ചു.