പൊൻകുന്നം: ദേശീയപാതയിൽ പൊൻകുന്നം ചിറക്കുഴി വളവിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച രാത്രി കോട്ടയത്തുനിന്ന് കാഞ്ഞിരപ്പള്ളിക്ക് പോയ കാറും എതിർദിശയിൽ നിന്നെത്തിയ കാറുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറുകളിലൊന്ന് റോഡരികിലെ ഇഞ്ചപ്പടർപ്പിലേക്ക് പാഞ്ഞുകയറിയാണ് നിന്നത്. ഹൈവേ പൊലീസും പരിസരവാസികളും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തിറക്കിയത്. പ്രദേശത്ത് വഴിവിളക്കില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടി. പിന്നീട് ഹൈവേ പൊലീസ് വാഹനത്തിന്റെ വെളിച്ചത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.