പാലാ: അഫീലിന്റെ മരണത്തിനിടയാക്കിയ കായികമേളയുടെ സംഘാടകരിലൊരാളായ വി.സി അലക്‌സിനെ പാലാ മുനിസിപ്പൽ സ്‌റ്റേഡിയം മാനേജിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ ഇന്നലെ ചേർന്ന പാലാ നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. പൊലീസ് കേസെടുക്കുന്ന പക്ഷം കമ്മറ്റിയിലുള്ള മറ്റ് നാല് കായികാദ്ധ്യാപകരേയും ഒഴിവാക്കും.
ഗുരുതരമായ കൃത്യവിലോപമാണ് സംഘാടകർ കാണിച്ചതെന്നും സ്പർദ്ധയും തമ്മിലടിയും ധിക്കാരവും ധാർഷ്ടവും ഇവരുടെ മുഖമുദ്രയാണെന്നും കൗൺസിലർമാർ ഒന്നടങ്കം കുറ്റപ്പെടുത്തി. കായികാദ്ധ്യാപകർക്ക് സ്റ്റേഡിയത്തിന്റെ മുഴുവൻ ചുമതലയും വിട്ടുകൊടുത്ത നഗരസഭയ്ക്കും ഉത്തരവാദിത്വത്തി്ൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലന്നും കായികാദ്ധ്യാപകരെ കർശനമായി നിയന്ത്രിക്കണമെന്നും സ്റ്റേഡിയത്തിന്റെ പരിപൂർണ ചുമതല മുനിസിപ്പാലിറ്റി ഏറ്റെടുക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഏത് മത്സരം വന്നാലും അത് നിയന്ത്രിക്കുന്ന ഒരു ഉപജാപകവൃന്ദം സ്റ്റേഡിയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ഇവർ നഗരസഭയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്. ഉടൻ നടക്കുന്ന പാലാ, ഈരാറ്റപേട്ട, കൊഴുവനാൽ സബ് ജില്ല കായിക മേളകൾ വിവാദ സംഘാടകരുടെ നേതൃത്വത്തിൽ നടത്താൻ അനുവദിക്കില്ല.അഫീൽ ജോൺസന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന് സർക്കാരിനോട് പ്രമേയത്തിലൂടെ നഗരസഭാ കൗൺസിൽ ആവശ്യപ്പെട്ടു.