പാലാ: ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ച കനത്ത മഴയിൽ പ്രദേശത്തെ പലറോഡുകളിലും വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാലാ-വൈക്കം റൂട്ടിൽ ആണ്ടൂരും വള്ളിച്ചിറ മണലേൽ പാലത്തിലും വെള്ളം കയറി. പാലാ-രാമപുരം റൂട്ടിൽ ചക്കാമ്പുഴയിലും ഏഴാച്ചേരി റൂട്ടിൽ കരൂരും കൊല്ലപ്പള്ളി -കാവുകണ്ടം റൂട്ടിൽ കടനാടും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റിൽ ജലനിരപ്പ് കുറവായിരുന്നതിനാൽ ളാലംതോട്ടിലൂടെയും കൈവഴികളിലൂടെയും ഒഴുകി വന്ന വെള്ളം ടൗണിലും പരിസരപ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിച്ചില്ല. പാലാ-പൊൻകുന്നം റൂട്ടിൽ കുറ്റില്ലം, കടയം എന്നിവിടങ്ങളിൽ ജലനിരപ്പ്‌റോഡിനൊപ്പം ഉയർന്നു. മീനച്ചിലാറിന്റെ കൈവഴികളെല്ലാം നിറഞ്ഞൊഴുകി. ചക്കാമ്പുഴ-ചിറ്റാർതോടും ളാലംതോടും കരകവിഞ്ഞു.പേണ്ടാംനംവയൽ-ചിറ്റാർ ബൈപാസ്‌റോഡിൽ വെള്ളം കയറി. ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായി വെള്ളം ഇറങ്ങിത്തുടങ്ങി. കിഴക്കൻമേഖലയിൽ അതിശക്തമായ മഴയില്ലാതിരുന്നത് വെള്ളപ്പൊക്ക ഭീഷണിയുടെ ആക്കം കുറച്ചു.

 താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

 മീനച്ചിലാറിന്റെ കൈവഴികൾ നിറഞ്ഞൊഴുകി

 മണിമലയാർ കരകവിഞ്ഞു

എരുമേലി : ശക്തമായ മഴയിൽ മണിമലയാർ കരകവിഞ്ഞു ,വ്യാപകമായ കൃഷിനാശവും മണ്ണിടിച്ചിലും മലയോരമേഖലയിൽ ഉണ്ടായി. ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകർ വലഞ്ഞു. പമ്പ, അഴുത നദികളിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നില്ലെങ്കിലും ആശങ്കൾക്ക് അയവുണ്ടായില്ല. കിഴക്കൻ മേഖലയിൽ തീരമിടിച്ചിലും കൃഷിനാശവും ഉണ്ടായി. ഇടകടത്തി ഉമ്മിക്കുപ്പ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ കരിങ്കൽക്കെട്ട് ഇടിഞ്ഞുവീണു. മുക്കൂട്ടുതറയിൽ മുട്ടപ്പള്ളി വലയിൽ അജയന്റെ വീടിന് സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് ബൈക്കിന് മുകളിൽ വീണു.